കോഴിക്കോട് കോണ്‍ഗ്രസില്‍ 'ക്വട്ടേഷന്‍' ആരോപണം
അപായപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ അയച്ചുവെന്ന് ഡിസിസി ജന. സെക്രട്ടറി ഷാജിര്‍ അറാഫത്ത്. പിന്നില്‍ ജില്ലയില്‍ നിന്നുള്ള കെപിസിസി ജന. സെക്രട്ടറിയെന്ന് ഷാജിര്‍ അറാഫത്ത് പറഞ്ഞു. സോളാറില്‍..
കെപിസിസി പുനസംഘടനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കോഴിക്കോട് കോണ്‍ഗ്രസില്‍ ക്വട്ടേഷന്‍ വധശ്രമ ആരോപണം. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘം പിന്തുടര്‍ന്നതായി ആരോപിച്ച് പോലീസില്‍ പരാതി നല്‍കി. സോളാര്‍ കേസില്‍ ആരോപണ വിധേയവരെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തിയതെന്ന് ഷാജര്‍ അറാഫത്ത് മീഡിയവണിനോട് പറഞ്ഞു.
കോഴിക്കോട് ഡിസിസിയില്‍ വെച്ച് കഴിഞ്ഞ മാസം 23ന് തന്നെ ആക്രമിച്ചതായി പാര്‍ട്ടിക്ക് ഡിസിസി ജനറല്‍ സെക്രട്ടറി ഷാജിര്‍ അറാഫത്ത് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വയനാട്ടില്‍ വെച്ച് തന്നെ വധിക്കാനായി ക്വട്ടേഷന്‍ സംഘം പിന്തുടര്‍ന്നതായി ഷാജിര്‍ അറാഫത്ത് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മൂന്ന് പേരെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നുള്ള കെപിസിസി അംഗങ്ങളെ നിശ്ചയിക്കുമ്പോള്‍ സോളാര്‍ കേസില്‍ ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ് ശത്രുതയ്ക്ക് കാരണമെന്ന് ഷാജര്‍ അറാഫത്ത് പറയുന്നു.
ക്വട്ടേഷന്‍ സംഘത്തെ അയച്ചത് ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ഷാജിര്‍ ആരോപിച്ചു. എഐസിസി ചട്ടത്തിന് വിരുദ്ധമായി വെള്ളയില്‍ ബ്ലോക്കില്‍ പുനസംഘടന നടത്തിയതായി ഷാജിര്‍ നേരത്തെ ദേശീയ നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു. ഡിസിസിയില്‍ വെച്ചുണ്ടായ കൈയേറ്റം ചൂണ്ടികാണിച്ച് കെപിസിസി പ്രസിഡന്‍റിനും ഷാജിര്‍ പരാതി അയച്ചിരുന്നു.