മെഡിക്കല്‍കോഴ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരന്‍; നാളെ സംസ്ഥാന ഭാരവാഹി യോഗം

Update: 2018-05-09 17:39 GMT
Editor : Sithara
മെഡിക്കല്‍കോഴ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുരളീധരന്‍; നാളെ സംസ്ഥാന ഭാരവാഹി യോഗം

മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട് തിരുത്തിയതും വി വി രാജേഷിനെതിരെ നടപടിയെടുത്തതും ചര്‍ച്ച വരുന്നതോടെ യോഗത്തില്‍ പൊട്ടിത്തെറിയുണ്ടാകാനാണ് സാധ്യത.

മെഡിക്കല്‍ കോഴ വിവാദം പാര്‍ട്ടിയെ പിടിച്ചുകുലുക്കുന്നതിനിടെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്‍ ചേരും. മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട് തിരുത്തിയതും വി വി രാജേഷിനെതിരെ നടപടിയെടുത്തതും ചര്‍ച്ച വരുന്നതോടെ യോഗത്തില്‍ പൊട്ടിത്തെറിയുണ്ടാകാനാണ് സാധ്യത. നാളെ കേരളത്തിലെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. അതേസമയം മെഡിക്കല്‍കോഴ ബിജെപിക്ക് അവമതിപ്പുണ്ടാക്കിയതായി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി മുരളീധരന്‍ പറഞ്ഞു

Advertising
Advertising

Full View

മെഡിക്കല്‍ കോളജിന് അനുമതി വാങ്ങി നല്‍കാന്‍ കോഴ നല്‍കിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെറിയ പോറല്ലല്ല ബിജെപിക്ക് ഏല്‍പ്പിച്ചത്. രാഷ്ട്രീയ അക്രമങ്ങള്‍ക്കിടെ അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിഞ്ഞെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുത്തിയെന്നതടക്കമുള്ള വാര്‍ത്തകള്‍ ബിജെപിയെ വീണ്ടും പിടിച്ച് കുലുക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിര്‍ണ്ണായകമായ സംസ്ഥാന ഭാരവാഹി യോഗം നാളെ ചേരുന്നത്. മെഡിക്കല്‍ കോഴയിലെ റിപ്പോര്‍ട്ട്, അതില്‍ നേതാക്കള്‍ വരുത്തിയ തിരുത്തല്‍ എന്നിവ തന്നെയാവും യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍.

വി വി രാജേഷിനെതിരെ നടപടിയെടുത്തതില്‍ കടുത്ത അതൃപ്തി മുരളീധര പക്ഷത്തുണ്ട്. റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള നേതാക്കള്‍ക്കെതിരേയും കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരേയും നടപടിയെടുക്കാതെ രാജേഷിനെതിരെ നടപടിയെടുത്തതിലെ യുക്തിയാണ് മുരളീധരപക്ഷം ചോദ്യം ചെയ്യുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയവര്‍ക്കെതിരേയും നടപടി വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്ന വന്നേക്കും. പാര്‍ട്ടി നിലപാടിനോടുള്ള അതൃപ്തി യോഗത്തില്‍ പ്രകടിപ്പിക്കുമെന്ന സൂചനയാണ് വി മുരളീധരനും നല്‍കിയത്.

സംസ്ഥാന ബൈഠക്കില്‍ പങ്കെടുക്കാന്‍ പാലക്കാട്ടെത്തുന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്ത് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. കേരളത്തിലെ നിലവിലെ വിവാദങ്ങളില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന. ഇത് മോഹന്‍ ഭാഗവത് നേതൃത്വത്തെ അറിയിച്ചേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നിശ്ചയിച്ച കുമ്മനം രാജശേഖരന്‍ നയിക്കുന്ന പദയാത്ര നീട്ടിവെക്കാനും സാധ്യതയുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News