ആദിവാസി യുവാവിന്റെ കൊലപാതകം: പ്രതികളുടെ അറസ്റ്റില്‍ പൊലീസ് ഒളിച്ചുകളിക്കുന്നു
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂ എന്ന് പൊലീസ്
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തിയില്ല. രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി തൃശൂര്‍ റേഞ്ച് ഐജി നേരത്തെ പറഞ്ഞിരുന്നു. ഇത് തെറ്റാണെന്നും, കസ്റ്റഡിയിലുള്ള പത്ത് പ്രതികളുടെ അറസ്റ്റ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ രേഖപ്പെടുത്തൂ എന്നുമാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
മധുവിനെ മര്‍ദ്ദിക്കുന്നതില്‍ നേരിട്ട് പങ്കാളികളായ മുക്കാലി സ്വദേശി അബ്ദുല്‍ ജലീല്‍, പാക്കുളം സ്വദേശി ഹുസൈന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അന്വേഷണ ചുമതലയുള്ള തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത് കുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത് തെറ്റാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകിട്ടുന്നതിന് ബന്ധുക്കളെയും, ആദിവാസി സംരക്ഷണ സമിതിക്കാരെയും പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഹുസൈനും അബ്ദുല്‍ ജലീലും ഇന്നലെ രാവിലെ മുതല്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. എട്ട് പേര്‍ ഇന്നലെ രാത്രി കീഴടങ്ങുകയും ചെയ്തു. ശംസുദ്ദീന്‍, ഉബൈദ്, ഷൈജു, സിദ്ധീഖ്,നജീബ്, ബിജു തുടങ്ങിയവരാണ് കീഴടങ്ങിയത്. അങ്ങനെ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പത്ത് പേര്‍ കസ്റ്റഡിയിലാണെന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഉചിതമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ രാവിലെ എട്ട് മണിയോടെ തന്നെ മധുവിന്റെ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. ഉച്ചയോടെ മൃതദേഹം മധുവിന്റെ ഊരായ കടുകമണ്ണയില്‍ എത്തിക്കും. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഗളി പൊലീസ് സ്റ്റേഷന് മുന്നില്‍ ആദിവാസി സംരക്ഷണ സമിതി ആരംഭിച്ച രാപ്പകല്‍ സമരം പുരോഗമിക്കുകയാണ്. ഇന്നും അറസ്റ്റ് ഉണ്ടായില്ലെങ്കില്‍ റോഡ് ഉപരോധിക്കുന്നതടക്കമുള്ള കര്‍ശന സമരമുറകളിലേക്ക് കടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎം സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് അഗളിയിലെത്തും. മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും, ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ പുരോഗമിക്കുകയാണ്.