കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഏതറ്റം വരെയും സമരത്തിന് തയ്യാറെന്ന് എ കെ ആന്റണി
മലബാര്‍ ഡവലെപ്പ്മെന്‍റ് ഫോറം പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിച്ചു
കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഏതറ്റം വരെയും സമരത്തിന് തയ്യാറാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ കെ. ആന്‍റണി. കരിപ്പൂരിന്റെ കാര്യത്തില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് തികച്ചും ന്യായമായ കാര്യങ്ങളാണെന്നും ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്‌റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ആന്‍റണി പറഞ്ഞു. മാര്‍ച്ചില്‍ 200 റോളം പ്രവാസികള്‍ പങ്കെടുത്തു.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അടിയന്തരമായി അനുവാദം നല്‍കുക, ഹജ്ജ് സര്‍വ്വീസ് പുനരാരംഭിക്കുക, കരിപ്പൂരിലേക്കുള്ള അധിക ടിക്കറ്റ് നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡവലെപ്പ്മെന്‍റ് ഫോറമാണ് പാര്‍ലമെന്‍റ് മാര്‍ച്ച് സംഘടിപ്പിച്ചത്. കരിപ്പൂരിനേക്കാളും ചെറിയ റണ്‍വെയുള്ള ലക്നൌവിലും അഹമ്മദാബാദിലും വലിയ വിമാനങ്ങള്‍ ഇറങ്ങുമ്പോഴാണ് കരിപ്പൂര്‍ അവഗണന നേരിടുന്നത്. എയര്‍ഇന്ത്യയും, ഇത്തിഹാദ്, സൌദി എയര്‍ലൈന്‍സ് പോലുള്ള കമ്പനികളും കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു.
എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, എംകെ രാഘവന്‍. പി.വി അബ്ദുള്‍ വഹാബ്, മുന്‍ മന്ത്രി എംകെ മുനിര്‍ തുടങ്ങി പ്രമുഖര്‍ മാര്‍ച്ചില്‍ പങ്കടുത്തു. കക്ഷി രാഷട്രീയ ഭേദമന്യേ കരിപ്പൂരിനായി പാര്‍ലമെന്‍റിലും പുറത്തും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. മലബാര്‍ ഡവലെപ്പ്മെന്‍റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.