തകഴിയുടെ ചെമ്മീന്‍ അനശ്വരമാക്കിയ തീരങ്ങള്‍

Update: 2018-05-11 00:54 GMT
തകഴിയുടെ ചെമ്മീന്‍ അനശ്വരമാക്കിയ തീരങ്ങള്‍

ഒരു ചലച്ചിത്രം എന്നതിനപ്പുറം അത് മലയാളികളുടെ ദൃശ്യസംസ്കാരത്തിന്റെ ഭാഗമായി മാറുകകൂടി ചെയ്തു എന്നതാണ് സത്യം

Full View

സാഹിത്യത്തിനെന്നപോലെ ചലച്ചിത്രത്തിനും അമൂല്യമായ സംഭവാനകളാണ് തകഴി ശിവശങ്കരപ്പിള്ള നല്‍കിയത്. മലയാള സിനിമ ദേശീയ തലത്തില്‍ ആദ്യമായി സുവര്‍ണ കമലം നേടിയത് ചെമ്മീന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു ചലച്ചിത്രം എന്നതിനപ്പുറം അത് മലയാളികളുടെ ദൃശ്യസംസ്കാരത്തിന്റെ ഭാഗമായി മാറുകകൂടി ചെയ്തു എന്നതാണ് സത്യം.

കടലിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞ അതി മനോഹരമായഒരു പ്രണയകാവ്യം അതായിരുന്നു ചെമ്മീന്‍. 1956 ലാണ് തകഴി ഈ നോവല്‍ പൂര്‍ത്തീകരിച്ചത്. ഒന്‍പത് വര്‍ഷത്തിന് ശേഷം രാമുകാര്യാട്ട് ഇത് ചലച്ചിത്രമാക്കി. കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയത്തിനപ്പുറം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതവും വിശ്വാസവും കൂടിയായിരുന്നു ചെമ്മീന്‍.

Advertising
Advertising

വറുതിക്കാലത്തെ നിറംമങ്ങിയ ജീവിത്തതില്‍ നിന്ന് ചാകരക്കാലത്തെ വര്‍ണസ്വപ്നങ്ങളിലേക്കുള്ള യാത്ര. പലഭാവങ്ങളാണ് കടലിന് ഇവിടെ, ചിലപ്പോള്‍ പ്രണയിനി, മറ്റ് ചിലപ്പോള്‍ മാതൃത്വം. പിന്നെപരിഭവം, പിണക്കം, ദുഃഖം തുടങ്ങി അങ്ങനെ പോവുന്നു.

കടലിന്റെ മക്കളുടെ ജീവിതത്തിന്റെ താളം, അവരുടെ പ്രണയം പോലും ആ തിരമാലകളുടെ താളത്തിലായിരുന്നു. ചെമ്പന്‍കുഞ്ഞും കറുത്തമ്മയും പരീക്കുട്ടിയും പളനിയും ജീവിച്ചു മരിച്ച കടപ്പുറം. ഇന്നും നഷടപ്രണയത്തിന്റെ താളം മാനസ മൈനേ എന്ന വയലാറിന്റെ വരികളാണ്. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങാത്തിടത്തോളം അത് അങ്ങനെതന്നെ തുടരും.

മലയാള ചലച്ചിത്ര ശാഖക്ക് ചാകരക്കോള്‍ പകര്‍ന്ന കാലഘട്ടം കൂടിയായിരുന്നു അത്. അനശ്വര കഥാപാത്രങ്ങളെ മലയാളത്തിന്റെ മൂന്നാം തലമുറയും നെഞ്ചേറ്റിയത് വെറുതെയല്ല. അംഗീകാരത്തിനൊപ്പം വിമര്‍ശവും നേരിടേണ്ടിവന്നെങ്കിലും ചെമ്മീന്‍ മലയാളത്തിലെ സുവര്‍ണ അധ്യായങ്ങളിലൊന്നായാണ് അന്നും ഇന്നും പരിഗണിക്കുന്നത്

തകഴിയുടെ കൃതികള്‍ നിരവധി വിദേശഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ മലയാളെ നോവല്‍ തകഴിയുടെ ചെമ്മീനാണ്. കുട്ടനാടിന്റെ ഇതിഹാസ കഥാകാരന്‍ എന്നറിയപ്പെടുന്ന തകഴി ശിവശങ്കരപ്പിള്ളയുടെ കൃതികള്‍ വിവര്‍ത്തകര്‍ക്ക് എന്നും പ്രീയപ്പെട്ട രചനകളായിരുന്നു.

കറുത്തമ്മയടേയും പരീക്കുട്ടിയുടേയും പ്രണയം എത്ര കടലുകള്‍ പാടി നടന്നിട്ടുണ്ടാകും.? അത്രമേല്‍ തീവ്രമായ ആത്മബന്ധമുണ്ട് ചെമ്മീനെന്ന കൃതിയും മലയാളവും തമ്മില്‍. എന്നാല്‍ തകഴിയുടെ കൃതികള്‍ മലയാളവും പിന്നിട്ട് എത്രയോ കടല്‍ദൂരം ഇതിനകം സഞ്ചരിച്ചിരിക്കുന്നു., ചെമ്മീൻ, രണ്ടിടങ്ങഴി, ഏണിപ്പടികൾ, കയർ തുടങ്ങി തകഴിയുടെ അസംഖ്യം കൃതികള്‍ ഒട്ടേറെ വിദേശഭാഷകളിലേക്കും ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. മലയാളത്തിന്റെ മണ്ണിന്‍റെ മണമുള്ള കഥകള്‍ പറഞ്ഞ തകഴിയുടെ കൃതികള്‍ ഭാഷയുടെ മതില്‍ക്കെട്ടിനെ അനായാസം ഭേദിച്ചു‍. ചെമ്മീനെന്ന കൃതി മാത്രം ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, അറബിക്, ഇറ്റാലിയൻ, ഫ്രഞ്ച് എന്നിങ്ങനെ ആറ് വിദേശ ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. അതില്‍ പ്രധാനം ഡോ.മുഹയുദ്ദീന്‍ ആലുവ നിര്‍വഹിച്ച അറബിക് പരിഭാഷയാണ്. അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആദ്യ മലയാള നോവലും ചെമ്മീന്‍ തന്നെ.

കര്‍ഷകത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ രണ്ടിടങ്ങഴിയും, ബ്യൂറോക്രസിയുടെ കഥപറയുന്ന ഏണിപ്പടികളും, ഇതിഹാസമായ കയറുമൊക്കെ മലയാളവും കടന്ന് വിവര്‍ത്തന വഴിയില്‍ വിശ്വ സാഹിത്യത്തിന്റെ ഭാഗമായി. തകഴി ശിവശങ്കരപ്പിള്ള കേരള മോപ്പസാങ്ങെന്ന് വിളിക്കപ്പെടുന്നത് അര്‍ഥവത്താകുന്നത് അതുകൊണ്ട് കൂടിയാണ്.

Similar News