ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി അപകടനില തരണംചെയ്തു

Update: 2018-05-13 17:11 GMT
Editor : admin
ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി അപകടനില തരണംചെയ്തു
Advertising

സിപിഎം ഓഫീസ് ആക്രമിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ദലിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

Full View

കണ്ണൂര്‍ തലശേരിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ദലിത് പെണ്‍കുട്ടി അപകടനില തരണം ചെയ്തു. സിപിഎം ഓഫീസ് അക്രമിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സഹോദരിമാരില്‍ ഒരാളായ അഞ്ജന ഇന്നലെ രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കണ്ണൂര്‍ എസ്‍പി പറഞ്ഞു.

ഇന്നലെ രാത്രിയാണ് തലശേരി കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് നേതാവ് കുനിയില്‍ രാജന്റെ മകള്‍ അഞ്ജനയെ അമിതമായി ഗുളികകള്‍ അകത്ത് ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയില്‍ മോചിതയായി വീട്ടിലെത്തിയ അഞ്ജന മാനസികമായി ഏറെ തകര്‍ന്നിരുന്നുവെന്നും, ഇതിനൊപ്പം ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ജനയെയും കുടുംബത്തെയും അവഹേളിച്ച് സംസാരിച്ചതിന്റെ മനോവിഷമവുമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും സഹോദരി മീഡിയവണിനോട് പറഞ്ഞു.

അഞ്ജന അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് സിപിഎം ഓഫീസില്‍ അതിക്രമിച്ച് കയറി പ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയില്‍ അഞ്ജനയെയും സഹോദരി അഖിലയെയും പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്ത ഇവര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജയില്‍ മോചിതരായിരുന്നു. അഞ്ജന ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ആര്‍ക്കെതിരെയും പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ അഞ്ജനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കണ്ണൂര്‍ എസ്.പി പറഞ്ഞു.

ആശുപത്രിയിലുളള അഞ്ജനയെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ധു കൃഷ്ണ, മുല്ലപ്പളളി രാമചന്ദ്രന്‍ എംപി, കെ സുധാകരന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News