കണ്ണൂരില്‍ സിപിഎം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം
പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റി നടത്തിയ വിമര്‍ശങ്ങളും പാര്‍ട്ടി ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട പുതിയ ചേരിതിരിവുകളും ഏരിയസമ്മേളനങ്ങളെ ചൂടുപിടിപ്പിക്കാനാണ് സാധ്യത..
കണ്ണൂര്‍ ജില്ലയിലെ സി.പി.എം ഏരിയാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമായി നടക്കുന്ന കണ്ണൂര്‍ ഏരിയ സമ്മേളനത്തോടെയാണ് സമ്മേളന നടപടികള്‍ ആരംഭിക്കുക. പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റി നടത്തിയ വിമര്‍ശങ്ങളും പാര്‍ട്ടി ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട പുതിയ ചേരിതിരിവുകളും ഏരിയസമ്മേളനങ്ങളെ ചൂടുപിടിപ്പിക്കാനാണ് സാധ്യത.
3501 ബ്രാഞ്ച് സമ്മേളനങ്ങളും 207 ലോക്കല്‍സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് ജില്ലയില്‍ സി.പി.എം ഏരിയാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. വിഭാഗീയത പൂര്‍ണമായും അവസാനിച്ചതിനു ശേഷവും ലോക്കല്‍ സമ്മേളനങ്ങളില്‍ ഔദ്യാഗിക പാനലിനെതിരെ നാലിടത്ത് മത്സരം നടന്നു. ചെറുതാഴം ഈസ്റ്റ്, കൂവേരി, മൊറാഴ, തലശേരി ടൌണ്‍ലോക്കലുകളിലാണ് മത്സരമുണ്ടായത്. ഏരിയാ സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മറ്റി പി. ജയരാജനെതിരെ നടത്തിയ വിമര്‍ശങ്ങളും അത് സൃഷ്ടിക്കുന്ന അലയൊലികളുമാകും സമ്മേളനങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ നടപടി ഈ കാലയളവില്‍ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും സംസ്ഥാന നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ നേതൃത്വത്തില്‍ രൂപപ്പെട്ട പുതിയ ചേരിതിരിവുകളും ഏരിയാസമ്മേളനങ്ങളില്‍ പ്രതിഫലിക്കുമെന്നുറപ്പ്. മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ജില്ലയിലെ പാര്‍ട്ടി വേദികളില്‍ സജീവമല്ലാതിരുന്ന ഇ.പി ജയരാജന്‍റെ തിരിച്ച് വരവിനും ഈ സമ്മേളന കാലയളവ് സാക്ഷ്യം വഹിച്ചേക്കും. മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വിരുദ്ധമായി തളിപ്പറമ്പ് മാടായി ഏരിയാ സമ്മേളനങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ പാര്‍ട്ടി നേതൃത്വം ഇ.പി ജയരാജന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.18 ഏരിയാ കമ്മറ്റികളാണ് ജില്ലയില്‍ ആകെയുളളത്. ഇന്ന് കണ്ണൂര്‍ ഏരിയ സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളന നടപടികള്‍ ഡിസംബര്‍17ന് പൂര്‍ത്തിയാവും.