എച്ച്‌ഐവി ബാധിതര്‍ക്കുള്ള സര്‍ക്കാരിന്റെ സഹായധനം മുടങ്ങിട്ട് 20 മാസം
അടിയന്തര ചികിത്സയ്ക്കും ജീവിതോപാധിക്കുമായി എയ്ഡ്‌സ് രോഗികള്‍ക്ക് ലഭിക്കുന്ന സഹായധനമാണ് മുടങ്ങിയത്
എച്ച്‌ഐവി ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മുടങ്ങിട്ട് 20 മാസമായി. അടിയന്തര ചികിത്സയ്ക്കും ജീവിതോപാധിക്കുമായി എയ്ഡ്‌സ് രോഗികള്‍ക്ക് ലഭിക്കുന്ന സഹായധനമാണ് ഇതോടെ മുടങ്ങിയത്.
എച്ച്ഐവി ദുരിത ബാധിതർക്ക് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖാന്തരമാണ് സര്‍ക്കാര്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 5112 എയ്ഡ്‌സ് രോഗികളാണ് പെന്‍ഷന്‍ പദ്ധതി ഗുണഭോക്താക്കള്‍. പ്രതിമാസം 1000 രൂപ വീതമാണ് പെന്‍ഷന്‍. 520 രൂപയായിരുന്നു മുന്‍പ്. ചികിത്സയിലിരിക്കുന്ന എച്ച്.ഐ.വി. ബാധിതര്‍ക്ക് 400 രൂപ സഹായവും 120 രൂപ യാത്രബത്തയും അടക്കമായിരുന്നു ഈ തുക.
2015 ജനുവരി മുതല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെന്‍ഷന്‍ 1000 രൂപയാക്കി വര്‍ധിപ്പിച്ചു. എന്നാല്‍ തുക വര്‍ധിപ്പിച്ച ശേഷം പെന്‍ഷന്‍ മുടങ്ങി. പണം നല്‍കാനാവാതെ വന്നതോടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് പുതിയ അപേക്ഷകളും സ്വീകരിക്കുന്നില്ല. ഇതോടെ ഏറെ പ്രയാസത്തിലാണ് നിര്‍ധനരായ എച്ച്ഐവി ബാധിതര്‍.