ആറു മാസത്തിനിടെ കേരളത്തില്‍ അടച്ച് പൂട്ടിയത് രണ്ടു ലക്ഷം ചെറുകിട കോഴി ഫാമുകള്‍

Update: 2018-05-24 12:00 GMT
ആറു മാസത്തിനിടെ കേരളത്തില്‍ അടച്ച് പൂട്ടിയത് രണ്ടു ലക്ഷം ചെറുകിട കോഴി ഫാമുകള്‍
Advertising

കോഴി വളര്‍ത്തലില്‍ തമിഴ്‍നാട്ടില്‍ നിന്നുള്ള വന്‍കിടകമ്പനികള്‍ സംസ്ഥാനത്ത് പിടി മുറുക്കുന്നു.

കോഴി വളര്‍ത്തലില്‍ തമിഴ്‍നാട്ടില്‍ നിന്നുള്ള വന്‍കിടകമ്പനികള്‍ സംസ്ഥാനത്ത് പിടി മുറുക്കുന്നു. ഇതോടെ സംസ്ഥാനത്തെ ചെറുകിട കോഴിഫാമുകള്‍ വ്യാപകമായി അടച്ചു പൂട്ടുകയാണ്. ആറു മാസത്തിനിടെ അടച്ച് പൂട്ടിയത് രണ്ടു ലക്ഷം ചെറുകിട ഫാമുകള്‍. നഷ്ടത്തിലായ കര്‍ഷകരുടെ ഫാമുകള്‍ പലതും ഇതിനകം വന്‍കിട കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു.

Full View

താമരശേരി സ്വദേശിയായ സുബ്രഹ്മണ്യന്‍ കഴിഞ്ഞ ആറു വര്‍ഷമായി കോഴി വളര്‍ത്തല്‍ മേഖലയില്‍ സജീവമായിരുന്നു. പക്ഷേ കോഴിവളര്‍ത്തലില്‍ കനത്ത നഷ്ടം നേരിട്ടതോടെ രണ്ടു ഫാമുകളും അടച്ചു പൂട്ടി. ഇത് തന്നെയാണ് ഈ മേഖലയിലെ മിക്ക കര്‍ഷകരുടേയും അവസ്ഥ. തമിഴ്നാട്ടില്‍ നിന്നും ഒരു കോഴിക്കുഞ്ഞിനെ 53 രൂപക്കാണ് കര്‍ഷകന്‍ വാങ്ങുന്നത്. നാല്‍പ്പത്തിയൊന്നു ദിവസം പ്രായമാകുമ്പോഴേക്കും ഇതിന്റെ ഇരട്ടി ചെലവ് വരും. കോഴിയെ വളര്‍ത്താന്‍ ചെലവായ തുക പോലും വില്‍ക്കുമ്പോള്‍ ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. 85 രൂപ മുതല്‍ 100 രൂപവരെ മാത്രമാണ് വില്‍ക്കുമ്പോള്‍ ഇപ്പോള്‍ കര്‍ഷകന് ലഭിക്കുന്നത്. കഴിഞ്ഞ മാസം ഇത് വെറും 60 രൂപയായിരുന്നു. ഇതിനു പുറമേ കോഴിക്കുഞ്ഞിന്‍റെ വില കൂട്ടിയും വില്‍പ്പനക്കുള്ള കോഴിയുടെ വില കുറച്ചും തമിഴ്നാട്ടില്‍ നിന്നുള്ള കുത്തക കമ്പനികള്‍ കേരളത്തില്‍ പിടി മുറുക്കുകയാണ്.

പലിശക്ക് പണമെടുത്താണ് കര്‍ഷകരില്‍ പലരും കോഴിവളര്‍ത്തലിനിറങ്ങുന്നത്. കനത്ത നഷ്ടം നേരിടുന്ന ആയിരക്കണക്കിനു കര്‍ഷകരുടെ ഫാമുകള്‍ വന്‍കിട കമ്പനികള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം ഫാമുകളും ഏറ്റെടുത്തതിനു ശേഷം കോഴി വില ഉയര്‍ത്തി ലാഭം കൊയ്യാനുള്ള നീക്കമാണ് കമ്പനികളുടേതെന്ന് കര്‍ഷകര്‍ പറയുന്നു..

Tags:    

Similar News