ചെങ്ങന്നൂര്‍ ക്ഷേത്രവികസനം: അവകാശവാദവുമായി സി പി എമ്മും ബിജെപിയും

Update: 2018-05-25 10:05 GMT
ചെങ്ങന്നൂര്‍ ക്ഷേത്രവികസനം: അവകാശവാദവുമായി സി പി എമ്മും ബിജെപിയും

10 കോടി രൂപ ചെലവില്‍ നടക്കുന്ന പദ്ധതി ഭരണ നേട്ടമായി എല്‍ഡിഎഫ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് തുക അനുവദിച്ചതെന്നാണ് ബിജെപിയുടെ അവകാശവാദം.

ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള നിര്‍മാണത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങളുടെയും ശിലാസ്ഥാപനം ഇന്ന് നടക്കാനിരിക്കെ പദ്ധതിയെചൊല്ലി അവകാശത്തര്‍ക്കം. 10 കോടി രൂപ ചെലവില്‍ നടക്കുന്ന പദ്ധതി ഭരണ നേട്ടമായി എല്‍ഡിഎഫ് അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് തുക അനുവദിച്ചതെന്നാണ് ബിജെപിയുടെ അവകാശവാദം.

Full View

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ദേവസ്വം ഭൂമി ബിപിസിഎല്ലിന് 30 വര്‍ഷത്തേക്ക് കൈമാറുന്നതിന് പകരമായി 8.63 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിക്കും. സംസ്ഥാന വ്യാപകമായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ചെങ്ങന്നൂരിലും പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം പണം അനുവദിച്ചെന്ന ബി ജെ പി പ്രചാരണം പരിഹാസ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതി സംസ്ഥാന സര്‍ക്കാരിന്റേതാണെങ്കില്‍ കേന്ദ്ര പൊതുമേഖല എണ്ണക്കമ്പനി നടപ്പിലാക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാരിന്റേതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പണമിറക്കാന്‍ ഗതിയില്ലാത്തതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖല സ്ഥാപനത്തെ സമീപിച്ചതെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News