കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

Update: 2018-05-27 08:12 GMT
Editor : Subin
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു

പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായമെത്തിയിട്ടുണ്ടെങ്കിലും ഹൈക്കമാന്റ് നേരിട്ട് ആരെയെങ്കിലും നിയമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു

കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈകമാന്‍ഡ് പ്രതിനിധിയുടെ ചര്‍ച്ച തിരുവനന്തപുരത്ത് തുടങ്ങി. പ്രദേശ് റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെ പി സി സി ഭാരവാഹി പട്ടിക അടുത്ത മാസം മൂന്നിന് മുമ്പ് ഹൈക്കമാണ്ടിന് കൈമാറുമെന്ന് സുദര്‍ശന്‍ നാച്ചിയപ്പ പറഞ്ഞു.

Advertising
Advertising

എംപി മാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍ എന്നിവരുമായാണ് സുദര്‍ശന്‍ നാച്ചിയപ്പന്‍ ചര്‍ച്ച നടത്തുന്നത്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്, കെപിസിസി ഭാരവാഹികളുടെ എണ്ണം കുറക്കുന്നത്, ഡിസിസിയിലെ ജംബോ കമ്മറ്റികള്‍ ഒഴിവാക്കുന്നത് എന്നിവ സംബന്ധിച്ച നേതാക്കളുടെ അഭിപ്രായം കേന്ദ്ര നേതൃത്വം ആരായും. ചര്‍ച്ചകള്ക്ക് ശേഷം 280 അംഗ ഭാരവാഹി പട്ടികയാകും ഹൈക്കമാന്റിന് സമര്‍പ്പിക്കുക. എ, ഐ ഗ്രൂപ്പുകളും സുധീരന്‍ സ്വന്തം നിലയിലും ഭാരവാഹി പട്ടിക സുദര്‍ശന്‍ നാച്ചിയപ്പയ്ക്ക് നല്‍കും. രാഷ്ട്രീയ കാര്യ സമിതിയില്‍ കൂടുതല്‍ വനിതകളേയും യുവാക്കളേയും ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേതാക്കള്‍ തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്.

ഭാരവാഹിപ്പട്ടിക കൈമാറുന്നതോടെ കെ പി സി സി അധ്യക്ഷ പദം സംബന്ധിച്ച ചര്‍ച്ചകള്‍ക്കും ചൂടേറും. പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് നല്‍കുന്നത് സംബന്ധിച്ച് എ ഐ ഗ്രൂപ്പുകള്‍ തമ്മില്‍ സമവായമെത്തിയിട്ടുണ്ടെങ്കിലും ഹൈക്കമാന്റ് നേരിട്ട് ആരെയെങ്കിലും നിയമിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ആ നീക്കത്തെ തടയാനും നേതാക്കള്‍ ഈ കൂടിക്കാഴ്ച അവസരമാക്കും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News