ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് ശേഷം ചികിൽസയിലായിരുന്ന യുവതി മരിച്ചു

Update: 2018-05-28 03:51 GMT

ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് ശേഷം ചികിൽസയിലായിരുന്ന യുവതി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു.

ആലപ്പുഴ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് ശേഷം ചികിൽസയിലായിരുന്ന യുവതി ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. ഡോക്ടർമാരുടെ അനാസ്ഥ മൂലമാണ് യുവതി മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

Full View

അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡിലെ വണ്ടാനം പുതുവൽ സിബിച്ചന്റെ ഭാര്യ ബാർബറയാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജനുവരി 22ന് പ്രസവത്തിനായി പ്രവേശിപ്പിച്ച ബാർബറ 23ന് പ്രസവിച്ചു. നാല് ദിവസത്തിന് ശേഷം ശക്തമായ ശ്വാസതടസം അനുഭവപ്പെട്ടു . ഡോക്ടറെ വിവരമറിയിച്ചപ്പോൾ ഗ്യാസ് ട്രബിളിനുള്ള മരുന്നു നൽകിയെന്നും രോഗം മാറാതെ വന്നതോടെ പിന്നീട് ഐസിയു വി ലേക്ക് മാറ്റിയെന്നും രോഗകാരണം എന്താണെന്നു പറയാൻ ഡോക്ടർമാർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

രോഗം മൂർച്ഛിച്ചതോടെ ബാർബറയെ വെന്റിലേറ്ററിലേക്കു മാറ്റി. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മരിക്കുകയായിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ്‌, ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ ബന്ധുക്കൾ സൂപ്രണ്ടിനെ ഉപരോധിച്ചു. ആർഡിഒയുടെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്താമെന്ന ഉറപ്പിൻമേലാണ് ഉപരോധം അവസാനിപ്പിച്ചത്.

ആശുപത്രി സൂപ്രണ്ടിനും അമ്പലപ്പുഴ പൊലീസിലും പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു. പരാതിയിൻമേൽ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് ഡോ: ആർ വി രാംലാൽ അറിയിച്ചു.

Tags:    

Similar News