85 കിലോ ചന്ദനമുട്ടികളുമായി ഒരാള്‍ പിടിയില്‍
പി.എം ഹമീദിനെയാണ് പടികൂടിയത്
വന്‍ ചന്ദനകളളക്കടത്ത് സംഘത്തിലെ ഒരാളെ 85 കിലോ ചന്ദനമുട്ടികളുമായി പോലീസ് പിടികൂടി. ബദിയടുക്ക വിദ്യാഗിരി മുനിയൂറിലെ പി.എം ഹമീദിനെയാണ് പടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂരില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ കാസര്‍കോട് വിദ്യാനഗറില്‍ ഇറങ്ങിയ ഹമീദില്‍ നിന്നും 10 കിലോഗ്രാം ചന്ദനമുട്ടികളാണ് പൊലീസിന് ലഭിച്ചത്. ഹമീദിനെ ചോദ്യം ചെയ്തപ്പോഴാണ് ചെങ്കള സിറ്റിസണ്‍ നഗറിലെ ഇബ്രാഹിമിനെ കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ വീട്ടിനകത്ത് നടത്തിയ പരിശോധനയില്‍ 75 കിലോ ചന്ദനമുട്ടികള്‍ കൂടി കണ്ടെത്തി.
തളിപ്പറമ്പ് മയ്യിലില്‍ നിന്നാണ് ചന്ദനമുട്ടികള്‍ ശേഖരിച്ചതെന്നാണ് ഹമീദ് പറയുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദന മാഫിയാ സംഘത്തിന്റെ സ്ഥിരം ഇടനിലക്കാരനാണ് ഹമീദ് എന്നാണ് സൂചന. ഇബ്രാഹിമാണ് സംഘത്തിലെ പ്രധാന കണ്ണിയെന്നും പൊലീസ് പറയുന്നു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.