സോളാര്‍ കേസിലെ തുടരന്വേഷണം: സര്‍ക്കാരിന് ആശയക്കുഴപ്പം
അന്വേഷണം സംബന്ധിച്ച ഉത്തരവ് എസ്എടി തലവന്‍ ഡിജിപി രാജേഷ് ദിവാന് ഇതുവരെ കൈമാറിയില്ല.
സോളാര്‍ കേസിലെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം. അന്വേഷണം സംബന്ധിച്ച ഉത്തരവ് എസ്എടി തലവന്‍ ഡിജിപി രാജേഷ് ദിവാന് ഇതുവരെ കൈമാറിയില്ല. ഏതൊക്കെ കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്ന് ഉത്തരവില്‍ കൃത്യമായി പറയുന്നില്ലെന്ന് സൂചന. കേസെടുത്തതിന് ശേഷം പ്രത്യേക സംഘത്തെ നിയമിക്കുന്ന പതിവും സോളാറില്‍ തെറ്റി.
ഉത്തരവ് കയ്യില്‍ കിട്ടാത്തതിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളൊന്നും ഡിജിപി രാജേഷ് ദിവാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം ഉള്ളതുകൊണ്ടാണ് എസ്എടി തലവന് നിര്‍ദ്ദേശം കൈമാറാത്തതെന്നാണ് വിവരം.
എന്ത് അന്വേഷണമാണ് നടത്തേണ്ടതെന്ന് ഉത്തരവില്‍ കൃത്യമായി പറയാത്തതാണ് ആശയക്കുഴപ്പത്തിന് കാരണം. ഐപിസി, സിആര്‍പിസി, അഴിമതി വിരുദ്ധ നിയമം ഉപയോഗിച്ച് നടപടികളെടുക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ഉത്തരവില്‍ ഉള്ളത്. അതായത് എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് പ്രത്യേകസംഘം തീരുമാനിക്കണമെന്ന് ചുരുക്കം. സാധാരണ ഗതിയില്‍ കേസെടുത്തിന് ശേഷം എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് കൃത്യമായി രേഖപ്പെടുത്തിയാണ് പ്രത്യേക സംഘത്തെ തീരുമാനിച്ച് ഉത്തരവിറങ്ങുക. ഇവിടെ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെന്നതാണ് സര്‍ക്കാര്‍ നിലപാട്.
അതുകൊണ്ട് സരിതയുടെ പുതിയ ലൈംഗിക പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താനുമാവില്ല. നിലവില്‍ എ പി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചെന്ന സരിതയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. പുതിയ അന്വേഷണ സംഘത്തിന് മുന്നിലും ഈ പരാതിയെത്തും. ഒരേ കാര്യത്തില്‍ രണ്ട് എഫ്ഐആര്‍ പാടില്ലന്നതാണ് നിയമം. ഈ സാഹചര്യത്തില്‍ സരിതയുടെ എല്ലാ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കി ഉത്തരവിറക്കിയില്ലെങ്കില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ഡിജിപി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.