സമരങ്ങളുടെ ഒരു വര്‍ഷം; പ്രവര്‍ത്തനം മെച്ചപ്പെടുത്തി കൃഷി-വ്യവസായവകുപ്പുകള്‍
ജിഷ്ണുവിന്‍റെ മരണം, ലോ അക്കാദമി, സ്വാശ്രയ ഫീസ് വര്‍ധന തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിന് സമരങ്ങള്‍ നേരിടേണ്ടി വന്നു.
ഇടത് സര്‍ക്കാരിനെ വെട്ടിലാക്കിയ നിരവധി സമരങ്ങള്‍ ഉയര്‍ന്ന വന്ന ഒരു വര്‍ഷക്കാലമാണ് കടന്ന് പോയത്. ജിഷ്ണുവിന്‍റെ മരണം, ലോ അക്കാദമി, സ്വാശ്രയ ഫീസ് വര്‍ധന തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാരിന് സമരങ്ങള്‍ നേരിടേണ്ടി വന്നു. സമരങ്ങളിലൂടെ ഉന്നയിക്കപ്പെട്ട പല ആവശ്യങ്ങള്‍ക്ക് നേരെയും സര്‍ക്കാര്‍ കണ്ണടച്ചത് പ്രതിഷേധം ആളിക്കത്തിക്കാന്‍ ഇടയാക്കി.
പ്രതിപക്ഷത്തിന്റെ സമരത്തിനപ്പുറം വിദ്യാര്‍ത്ഥികളും, അവഗണിക്കപ്പെട്ട കുടുംബങ്ങളും നടത്തിയ സമരങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം ആളിക്കത്തിയത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ പ്രതിഷേധമാണ് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയ ലോ അക്കാദമി സമരം. വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്ന പ്രിന്‍സിപ്പലിന്റെ രാജി ആവശ്യത്തിലാണ് സമരം തുടങ്ങിയതെങ്കിലും സര്‍ക്കാരിനെ പറ്റിച്ച് ഭൂമി സ്വന്തമാക്കിയ മാനേജ്മെന്റിന്റെ മുഖം പിന്നാലെ പുറത്ത് വന്നു. ഇതോടെ മുഖ്യധാര രാഷ്ര്ടീയപാര്‍ട്ടികള്‍ സമരം ഏറ്റെടുത്തു. വലിയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവെച്ചെങ്കിലും അക്കാദമിയുടെ പക്കലുള്ള സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്ന റവന്യു സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ ഇതുവരേയും നടപ്പിലാക്കിയിട്ടില്ല.
ജിഷ്ണുവിന്‍റെ മരണത്തിനുത്തരവാദികളായ കോളേജ് അധികൃതരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ആരോപണം ഉയര്‍ന്നു. നീതി തേടി ഡിജിപി ഓഫീസിന് മുന്നില്‍ സമരം നടത്താനെത്തിയ ജിഷ്ണുവിന്‍റെ അമ്മക്കെതിരായ പൊലീസ് നടപടി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ജിഷ്ണുവിന്‍റെ അമ്മയെ കാണില്ലെന്ന പിണറായി വിജയന്റെ നിലപാട് വലിയ തോതില്‍ വിമര്‍ശത്തിനിടയാക്കി.
ആക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ പരിശോധിച്ച് നടപടിയെടുക്കുമെന്ന പിണറായിയുടെ വാക്കുകള്‍ ഇതുവരെ നടപ്പിലായിട്ടില്ല എന്നത് മറ്റൊരു വസ്തുത. സ്വാശ്രയഫീസ് ഉയര്‍ത്തിയതിനെതിരെ പ്രതിപക്ഷവും വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധം നടത്തിയെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല. പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഫീസ്‍ നിരക്ക് കുറക്കാന്‍ മാനേജ്‍മെന്റുകള്‍ തയ്യാറായെങ്കിലും പിണറായിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്ന് ഒടുവില്‍ അവര്‍ പിന്‍വാങ്ങി. കഴിഞ്ഞാഴ്ച മെഡിക്കല്‍ പി ജി ഫീസ് കൂട്ടിയതിനെതിരായ വലിയ പ്രതിഷേധവും വരും നാളുകളില്‍ സര്‍ക്കാരിന് നേരിടേണ്ടി വന്നേക്കും.
മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി കൃഷിയും വ്യവസായവും
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയ വകുപ്പുകളാണ് കൃഷിയും വ്യവസായവും. മന്ത്രിസഭക്ക് തന്നെ നാണക്കേടുണ്ടാക്കിയതായിരുന്നു വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജന്റെ രാജി. എന്നാല്‍ പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കി വ്യവസായ വകുപ്പ് തിരിച്ച് വന്നു. തരിശ് നിലങ്ങളിലെ കൃഷിയാണ് കൃഷി വകുപ്പിനെ ശ്രദ്ധേയമാക്കിയത്.
ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ പി ജയരാജന്‍ രാജിവെച്ചപ്പോള്‍ പകരം വന്നത് എ സി മൊയ്തീന്‍. വിവാദങ്ങളില്ലാതെ വ്യവസായ വകുപ്പിനെ ചലിപ്പിക്കാന്‍ മന്ത്രിക്കായി. 40 പൊതുമേഖല സ്ഥാപനങ്ങളിൽ 13 എണ്ണം ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.18 സ്ഥാപനങ്ങളുടെ നഷ്ടത്തിൽ ഗണ്യമായ കുറവുണ്ടായതാണ് സര്‍ക്കാരിന്റെ അവകാശ വാദം. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 130.60 കോടി രൂപയില്‍ നിന്നും 71.34 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. സംരംഭകന് ആവശ്യമായ മുഴുവന്‍ ലൈസന്‍സും ജില്ലാ വ്യവസായ കേന്ദ്രം വഴി ലഭ്യമാക്കുന്ന സിംഗിള്‍ വിന്‍ഡോ ക്ലിയര്‍ സിസ്റ്റവും കൊണ്ട് വരാന്‍ സാധിച്ചു.
മൂവായിരത്തിലേറെ ഹെക്ടര്‍ തരിശ്ഭൂമിയില്‍ കൃഷിയിറക്കിയതാണ് കൃഷി വകുപ്പിലെ പ്രധാന നേട്ടം. വിമാനം പറക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആറന്‍മുളയുടെ പേരില്‍ അരി ബ്രാന്‍ഡ് ഇറക്കാന്‍ കൃഷിവകുപ്പിന് സാധിച്ചു. 2600 ഹെക്ടറോളം കരനെല്ല് കൃഷിയും ഈ വര്‍ഷത്തിനിടയില്‍ വിളവെടുത്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷനും തുടക്കം കുറിച്ചു. ജനിതകമാറ്റം വരുത്തിയ കടുക് കൃഷി ചെയ്യാനുള്ള അനുമതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത് രാജ്യ ശ്രദ്ധയാകര്‍ഷിച്ചു. വിള ഇന്‍ഷുറന്‍സും കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും ഗണ്യമായി വര്‍ധിപ്പിച്ചതും ഈ സര്‍ക്കാരിന്റെ നേട്ടമായി. എന്നാല്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ പോരും ഹോട്ടികോര്‍പ്പ് അഴിമതി ആരോപണവും വകുപ്പില്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു.