റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു  

Update: 2018-05-30 05:29 GMT
Editor : Subin
റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു  

വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം തന്നെ വെളിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ  ചുമത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത് വിമര്‍ശത്തിന് കാരണമായിട്ടുണ്ട്. 

കാസര്‍കോട് പഴയ ചൂരി മുഹിയദ്ധീന്‍ ജുമാമസ്ജിദിനോട് ചേര്‍ന്ന താമസ മുറിയില്‍ അതിക്രമിച്ച് കയറി മദ്രസാ അധ്യാപകനും കര്‍ണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21നാണ് ആര്‍ എസ് എസ് സംഘം കഴുത്തറുത്ത് കൊന്നത്. കേസിലെ പ്രതികളായ കേളുഗുഡ്ഡെയിലെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ യു എ പി എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ എം ഇ സൈദയാണ് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. എന്നാല്‍ ഈ ആവശ്യത്തെ സര്‍ക്കാരിന് വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസികൂട്ടര്‍ ശക്തമായി എതിര്‍ത്തു.

Advertising
Advertising

കേസില്‍ കൊലപാതകക്കുറ്റവും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പുമാണ് നിലവില്‍ പ്രതികള്‍ക്ക് ചുമത്തിയിരിക്കുന്നത്. വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമം നടത്തിയെന്ന് അന്വേഷണസംഘം തന്നെ വെളിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത് വിമര്‍ശത്തിന് കാരണമായിട്ടുണ്ട്.

ഒരു പ്രകോപനവുമില്ലാതെ വ്യക്തിപരമായി പരിചയവുമില്ലാത്ത പ്രതികള്‍ റിയാസ് മൗലവിയെ പള്ളിയോട് ചേര്‍ന്ന അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊന്നതിന് പിന്നില്‍ വര്‍ഗീയ വിദ്വേഷം മാത്രമാണ്. പ്രത്യേക വിഭാഗത്തില്‍പെട്ടയാളെ കൊല്ലുകയെന്ന ലക്ഷ്യമായിരുന്നു പ്രതികളുടേത്. പള്ളിക്ക് മുന്നിലെത്തി കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊല. എന്നാല്‍ യു എ പി എ ചുമത്തേണ്ടതില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ തന്നെ അന്വേഷണ സംഘം കൈകൊണ്ടത്. യു എ പി എ ചുമത്താനുള്ള തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയും സംഭവിച്ചു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തുന്ന കൊലകള്‍ യു എ പി എ വകുപ്പ് 15 പ്രകാരം ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഈ കേസില്‍ അത് ഉള്‍പ്പെടുത്താതിരുന്നത് വീഴ്ചയാണെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഈ സംഭവത്തിന് പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ട്. അസമയത്ത് പള്ളിക്ക് നേരെ കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊലനടത്തിയത്. യു എ പി എ ചാര്‍ത്തേണ്ട കേസാണ് ചൂരിയിലേതെന്ന് മുന്‍ അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ പറയുന്നു.

സംഭവത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തെകുറിച്ച് പൊലീസ് സംഘം കൃത്യമായ അന്വേഷണം നടത്തിയില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നില്ല. പ്രതികള്‍ മദ്യലഹരിയിലായിരുന്നെന്ന കുറ്റപത്രത്തിലെ പരാമര്‍ശം കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News