മത്സ്യ മാംസ വിപണന സഹകരണ സംഘവുമായി ബിജെപി
മലപ്പുറത്തെ ബീഫ് അനുകൂല നിലപാടിന് പിന്നാലെ തൃശൂരില്‍ ബീഫടക്കമുള്ള ഇറച്ചി വ്യാപാരികള്‍ക്കായി ബിജെപിയുടെ സഹകരണ സംഘം
മലപ്പുറത്തെ ബീഫ് അനുകൂല നിലപാടിന് പിന്നാലെ തൃശൂരില്‍ ബീഫടക്കമുള്ള ഇറച്ചി വ്യാപാരികള്‍ക്കായി ബിജെപിയുടെ സഹകരണ സംഘം. ബിജെപി ജില്ലാ പ്രസിഡന്‍റ് നാഗേഷിനെ പ്രസിഡന്‍റാക്കിയാണ് മാംസ വിപണന സഹകരണ സംഘം രൂപീകരിച്ചത്. കേരളത്തില്‍ നിരോധിക്കപ്പെടാത്ത ബീഫ് കഴിക്കുന്നതിന് ബിജെപി എതിരല്ലെന്നും എ നാഗേഷ് പറഞ്ഞു.
മലപ്പുറം ഉപതെഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്‍റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ഇറച്ചി വ്യാപാരികള്‍ക്കായി സഹകരണ സംഘം രൂപീകരിച്ചിരിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ സമിതി എന്ന സംഘടനയുടെ കീഴിലാണ് തൃശൂര്‍ ഫിഷ് ആന്‍റ് മീറ്റ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സഹകരണ സംഘം രൂപീകൃതമായത്.
യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അപേക്ഷിച്ചിരുന്ന അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് സഹകരണ സംഘത്തിന്‍റെയും ബിജെപി ജില്ലാ ഘടകത്തിന്‍റെയും പ്രസിഡന്‍റായ എ നാഗേഷ് പറഞ്ഞു. കേരളത്തില്‍ ബീഫ് നിരോധിച്ചിട്ടില്ലെന്നും ബീഫ് കഴിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയുണ്ടെന്നും നാഗേഷ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ തൃശൂരില്‍ മത്സ്യ മാംസ വ്യാപാരികളുടെ ഇടയില്‍ പ്രവര്‍ത്തനമുണ്ടെന്നും ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ സമാന സഹകരണ സംഘങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ അറിവില്ല. കേരളത്തില്‍ ഗോവധത്തെ സംബന്ധിച്ച നിലപാട് സ്വീകരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും എ നാഗേഷ് പറഞ്ഞു.