കാന്തപുരം വിഭാഗത്തെ ബഹിഷ്കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു

Update: 2018-06-06 05:11 GMT
Editor : Sithara
കാന്തപുരം വിഭാഗത്തെ ബഹിഷ്കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു
Advertising

മര്‍കസ് സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസും മുസ്‍ലിം ലീഗും വിട്ടുനില്‍ക്കും.

കാന്തപുരം വിഭാഗത്തെ ബഹിഷ്കരിക്കാന്‍ യുഡിഎഫില്‍ ധാരണ. യുഡിഎഫ് വിരുദ്ധമായ രാഷ്ട്രീയ നിലപാട് കാന്തപുരം തുടരുന്നതാണ് കാരണം. മുസ്‍ലിം ലീഗിന്‍റെ നിര്‍ദേശം അംഗീകരിച്ചാണ് യുഡിഎഫിന്‍റെ തീരുമാനം.

Full View

കാന്തപുരം വിഭാഗം ഇടത് സഹയാത്രികരാണെങ്കിലും ചില മണ്ഡലങ്ങളില്‍ യുഡിഎഫിനെ സഹായിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും എപി വിഭാഗം എല്‍ഡിഎഫിനൊപ്പം നിന്നു. കോണ്‍ഗ്രസിനെയും ലീഗിനെയും പൂര്‍ണമായി തള്ളിയ കാന്തപുരത്തിന്‍റെ നിലപാടില്‍ യുഡിഎഫില്‍ കടുത്ത അമര്‍ഷമുണ്ട്.

നിലമ്പൂരിലെ പരാജയം കാന്തപുരത്തിന്‍റെ ദീര്‍ഘകാല സുഹൃത്ത് ആര്യാടന്‍ മുഹമ്മദിനെയും അകറ്റി. കാന്തപുരത്തെ ബഹിഷ്കരിക്കണമെന്ന ആവശ്യം ലീഗാണ് യുഡിഎഫില്‍ ഉന്നയിച്ചത്. ഇരു മുന്നണികളെയും ബിജെപിയെയും ഒരേ സമയം ഒപ്പം നിര്‍ത്താനുള്ള കാന്തപുരത്തിന്‍റെ തന്ത്രത്തിന് നിന്ന് കൊടുക്കാനാവില്ലെന്നാണ് ലീഗിന്‍റെ വാദം. ഇതിനോട് കോണ്‍ഗ്രസ് അടക്കമുള്ള മറ്റു പാര്‍ട്ടികളും യോജിച്ചു. തുടര്‍ന്നാണ് കാന്തപുരം വിഭാഗത്തിന്‍റെ ചടങ്ങുകളില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസിന്‍റെ പ്രാദേശിക ജനപ്രതിനിധികള്‍ പങ്കെടുക്കുന്നതിന് തടസ്സമുണ്ടാകില്ല.

മര്‍കസ് സമ്മേളനത്തിലേക്ക് ലീഗിന്‍റെയും കോണ്‍ഗ്രസിന്‍റെയും നേതാക്കളെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാനാകില്ലെന്ന് ലീഗ് നേതാക്കള്‍ അപ്പോള്‍ തന്നെ അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും പേരുകള്‍ സമ്മേളന നോട്ടീസില്‍ ഉണ്ടെങ്കിലും പങ്കെടുക്കില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News