എറണാകുളം-അങ്കമാലി അതിരൂപതയിൽ അച്ചടക്ക നടപടി; ഭരണനിര്‍വഹണ സമിതിയില്‍ നിന്ന് സഹായ മെത്രാന്‍മാരെ പുറത്താക്കി

അതിരൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ സ്വതന്ത്ര ഏജന്‍സി ഓഡിറ്റ് ചെയ്യണമെന്ന് വത്തിക്കാന്‍; എല്ലാമാസവും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാണമെന്നും പുതിയ അഡ്മിനിസ്ട്രേറ്ററോട് വത്തിക്കാന്‍

Update: 2018-06-23 09:05 GMT

എറണാകുളം-അങ്കമാലി അതിരൂപതയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ കടുത്ത നടപടികൾ. അതിരൂപതാ ഭരണ നിർവഹണ സമിതിയായ കുരിയായിലെ നേതൃപദവികൾ വഹിച്ചിരുന്ന എല്ലാവരെയും മാറ്റി. സഹായ മെത്രാന്‍മാര്‍ക്ക് ഇനി ആത്മീയ ശുശ്രൂഷ അധികാരം മാത്രമാണ് ഉണ്ടാകുക. അഞ്ച് വർഷമായി വഹിച്ചിരുന്ന പ്രോട്ടോ സിഞ്ചല്ലൂസ് പദവിയിൽ നിന്ന് സെബാസ്റ്റ്യൻ എടയന്ത്രത്തിനെ പുറത്താക്കി.

വിമത പ്രവർത്തനം നടത്തി സഭയെ അവഹേളിച്ചവർക്കെതിരെ ആദ്യഘട്ടത്തിൽ തന്നെ നടപടി വേണമെന്ന് വത്തിക്കാൻ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതൃപദവികളിൽ വൻ അഴിച്ചുപണി നടന്നത്. അതിരൂപത അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ കഴിഞ്ഞ ദിവസം ചുമതലയിൽ നിന്ന് നീക്കിയിരുന്നു. ഇതിനു പുറമെ കഴിഞ്ഞ അഞ്ച് വർഷമായി നിർവഹിച്ചിരുന്ന അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് സ്ഥാനത്തു നിന്നും എടയന്ത്രത്തിനെ അഡ്മിനിസ്ട്രേറ്റർ പുറത്താക്കി.

Advertising
Advertising

Full View

സെബാസ്റ്റ്യൻ എടയന്ത്രത്ത് അതിരൂപതാ ചാൻസിലർ സ്ഥാനത്തു നിന്ന് മുൻപ് ഒഴിവാക്കിയ ഡോക്ടർ വർഗീസ് പൊട്ടക്കനാണ് പുതിയ പ്രോട്ടോ സിഞ്ചല്ലൂസ്. അതിരൂപതയുടെ അനുദിന ഭരണം നിർവ്വഹിക്കുക പ്രോട്ടോ സിഞ്ചല്ലൂസാണ്. മറ്റൊരു സഹായമെത്രാൻ ജോസ് പുത്തൻവീട്ടിലിനെ അതിരൂപത സിഞ്ചല്ലൂസ് സ്ഥാനത്തു നിന്നും പുറത്താക്കിയിട്ടുണ്ട്. അതിരൂപതാ കൂരീയായിലും ഇവരെ ഉൾപെടുത്തില്ലെന്നാണ് സൂചന.

അതിരൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ സ്വതന്ത്ര ഏജന്‍സി ഓഡിറ്റ് ചെയ്യണമെന്ന് വത്തിക്കാന്‍

സാധാരണ സഹായ മെത്രാന്മാരാണ് ഈ പദവികൾ വഹിക്കാറ്. സഹായ മെത്രാന്മാർക്ക് ഇനി ആത്മീയ ശുശ്രൂഷാ അധികാരം മാത്രമാവും ഉണ്ടായിരിക്കുക. അതിരൂപതയിലെ പ്രൊ ചാൻസലർ, വൈസ് ചാൻസലർ, ഫിനാൻസ് ഓഫിസർ എന്നീ പദവി വഹിച്ചിരുന്നവരെയും മാറ്റി. കൂടുതൽ പേർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നീക്കമുണ്ട്. ഓഗസ്റ്റ് നാലിനു ചേരുന്ന സിനഡ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും.

Full View

എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപ വർഷങ്ങളിലെ സാമ്പത്തിക ഇടപാടുകൾ സ്വതന്ത്ര സ്ഥാപനത്തെ നിയോഗിച്ച് ഓഡിറ്റ് ചെയ്യണമെന്ന് വത്തിക്കാൻ. അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തിൽ വത്തിക്കാന് നൽകണം. എല്ലാമാസവും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കാനും പുതിയ അഡ്മിനിസ്ട്രേറ്ററോട് വത്തിക്കാന്‍ നിർദേശിച്ചിട്ടുണ്ട്. മാർ ജേക്കബ് മനത്തോടത്ത് അതിരുപതയുടെ അഡ്മിനിസ്ട്രേറ്ററായി ഇന്ന് ചുമതലയേൽക്കും.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിവാദത്തെത്തുടർന്നുള്ള ആഭ്യന്തര കലാപത്തിൽ ഇടപെടൽ നടത്തിയാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമനം വത്തിക്കാൻ നടത്തിയത്.

മാർപാപ്പയ്ക്ക് വേണ്ടി വത്തിക്കാനിലെ പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ലെയനാർദോ സാന്ദ്രി പുറത്തിറക്കിയ നിയമന ഉത്തരവിലെ പ്രധാന നിർദേശങ്ങളിങ്ങനെ:

  • അതിരൂപതയിലെ സമീപകാല സാമ്പത്തിക ഇടപാടുകളെല്ലാം സ്വതന്ത്ര സമിതി ഓഡിറ്റ് ചെയ്യണം
  • ഈ റിപ്പോർട്ട് രഹസ്യ സ്വഭാവത്തിൽ വത്തിക്കാന് സമർപ്പിക്കണം
  • കട ബാധ്യതകൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം
  • ആഭ്യന്തര ഭിന്നത പരിഹരിക്കാനാവശ്യമായ ഇടപെടലുകൾ സിനഡിന്റെ സഹായത്തോടെ കൈക്കൊള്ളണം
  • അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കാം
  • അഡ്മിനിസ്ട്രേറ്റർക്ക് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാം എന്നാൽ ഭരണനിർവഹണത്തിൽ ജോർജ് ആലഞ്ചേരി ഇടപെടരുത്
  • അഡ്മിനിസ്ട്രേറ്ററുടെ പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് എല്ലാ മാസവും വത്തിക്കാന്‍ സമർപ്പിക്കണം

മാർ ജേക്കബ് മനത്തോടത്തിനെ അഡ്മിസ്ട്രേറ്ററായി നിയമിക്കുന്നത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ നിർദേശപ്രകാരമാണെന്ന് നിയമന ഉത്തരവിൽ പരാമർശിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ആലഞ്ചേരിയുടെ നിർദേശത്തിന് സീറോ മലബാർ സ്ഥിരം സിനഡിന്റെ പിന്തുണ ലഭിച്ചതായും വത്തിക്കാൻ ഉത്തരവിൽ പറയുന്നു.

അതിരൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കാനോനിക സമിതികളും ഉത്തരവിലൂടെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവ പുനഃസംഘടിപ്പിക്കാനുള്ള അധികാരം പുതിയ അഡ്മിനിസ്ട്രേറ്റർക്കാണ്. സഹായമെത്രാന്മാരായ സെബാസ്റ്റൻ എടയന്ത്രത്ത്, ജോസ് പുത്തൻവീട്ടിൽ എന്നിവർക്ക് നൽകിയിരുന്ന ഭരണച്ചുമതലകൾ പൂർണമായും ഉത്തരവിലൂടെ വത്തിക്കാൻ റദ്ദാക്കി. പുതിയ അഡ്മിനിസ്ട്രേറ്റർ നിയമനത്തിന് പിന്നാലെ അതിരൂപതാ കൂരിയയിലെ സുപ്രധാന നേതൃപദവികൾ വഹിക്കുന്ന വൈദികരെയും പദവികളിൽ നിന്ന് നീക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 3 മണിക്ക് എറണാകുളം ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ നിലവിൽ പാലക്കാട് രൂപതാധ്യക്ഷനായ ജേക്കബ് മനത്തോടത്ത് പദവി ഏറ്റെടുക്കം. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയും ചടങ്ങിൽ പങ്കെടുക്കും.

Tags:    

Similar News