വനം വകുപ്പിലും ദാസ്യപ്പണി: പെരിയാർ കടുവസങ്കേതം ഡെപ്യൂട്ടി ഡയറക്ടറുടെ വീട്ടുജോലിക്ക് ജീവനക്കാരിയെന്ന് ആരോപണം

ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ശില്‍പാ വി കുമാര്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി. ഓഫീസില്‍ നിയമിച്ച ദിവസവേതന ജീവനക്കാരിയെ വീട്ടുജോലിക്ക് ഉപയോഗിച്ചുവെന്നാണ് പരാതി

Update: 2018-06-28 10:31 GMT
Advertising

വനംവകുപ്പിലും ദാസ്യപ്പണിയെന്ന് പരാതി. ഇടുക്കി കുമളി പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെയാണ് പരാതി. ഓഫീസില്‍ നിയമിച്ച ദിവസവേതന ജീവനക്കാരിയെ വീട്ടുജോലിക്ക് ഉപയോഗിച്ചുവെന്നാണ് പരാതി. ദലിത് സ്ത്രീക്കുവേണ്ടി സമര്‍പ്പിച്ച പരാതിയില്‍ വിജിലന്‍സ് തെളിവെടുപ്പ് ആരംഭിച്ചു.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ശില്‍പാ വി കുമാര്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനുകീഴില്‍ ഡിവിഷന്‍ ഓഫീസായ രാജീവ് ഗാന്ധി സെന്‍ററിലെ ദിവസ വേതന ജീവനക്കാരിയാണ് പരാതിക്കാരി. പരാതിക്കാരിയായ പഞ്ചവര്‍ണം എന്ന ദലിത് യുവതിക്കുവേണ്ടി പൊതുപ്രവര്‍ത്തകന്‍ സജിമോന്‍സലീമാണ് വനം വകുപ്പ് മന്ത്രി കെ രാജുവിനും, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പികെ കേശവനും പരാതി സമര്‍പ്പിച്ചത്.

Full View

ശില്‍പാ വി കുമാര്‍ വീട്ട് ജോലികള്‍ ചെയ്യിക്കുന്നതായും, വസ്ത്രങ്ങള്‍ കഴുകിക്കുന്നതായും, പലചരക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങാന്‍ വിടുന്നതായുമാണ് പഞ്ചവര്‍ണത്തിന്‍റെ പരാതി. പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഡപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റ അന്ന് മുതല്‍ തന്നെ വീട്ട് ജോലിചെയ്യിക്കുന്നതായും പരാതിയില്‍ പറയുന്നു. തന്‍റെയും വനംവകുപ്പില്‍തന്നെ വാച്ചറായി ജോലി ചെയ്യുന്ന മകന്‍റെയും ജോലി നഷ്ടപ്പെടുമെന്ന് ഭയത്താലാണ് ഇതുവരെ പരാതി ഉന്നയിക്കാഞ്ഞതെന്നും ദലിത് സ്ത്രീയുടെ പരാതിയിലുണ്ട്.

നിയമവിരുദ്ധമായി ദാസ്യപ്പണിക്ക് ഉപയോഗിച്ചതിന് ശില്‍പാ വി കുമാര്‍ ഐഎഫ്സിനെതെിരെ വകുപ്പ് തലനടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അജന്‍കുമാര്‍ ഐഎഫ്എസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി.

Tags:    

Similar News