മുസ്തഫയ്ക്ക് സഹായഹസ്തവുമായി സ്‍നേഹസ്‍പര്‍ശം പ്രേക്ഷകര്‍; 1,03500 രൂപയുടെ ചെക്ക് കൈമാറി

എല്ല് പൊടിയുന്ന രോഗം ബാധിച്ച് കിടപ്പിലായ മലപ്പുറം ചീക്കോട് സ്വദേശി മുസ്തഫക്കും കുടുംബത്തിനും മീഡിയവണ്‍ പ്രേക്ഷകരുടെ സഹായ ഹസ്തം.

Update: 2018-06-28 07:12 GMT
Advertising

എല്ല് പൊടിയുന്ന രോഗം ബാധിച്ച് കിടപ്പിലായ മലപ്പുറം ചീക്കോട് സ്വദേശി മുസ്തഫക്കും കുടുംബത്തിനും മീഡിയവണ്‍ പ്രേക്ഷകരുടെ സഹായ ഹസ്തം. മീഡിയവണ്‍ സ്നേഹ സ്പര്‍ശം പരിപാടിയുടെ പ്രേക്ഷകര്‍ ചാനലിനെ ഏല്‍പ്പിച്ച 1,03500 രൂപയുടെ ചെക്ക് മീഡിയവണ്‍ ഡയറക്ടര്‍ ഡോക്ടര്‍ ടി. അഹ്‌മദ് കുടുംബത്തിന് കൈമാറി. പ്രവാസി കൂട്ടായ്മ പിരിച്ച പണവും ചടങ്ങില്‍ കൈമാറി.

Full View

ഇത് ചീക്കോട് പഞ്ചായത്തിലെ കൊട്ടക്കാട് വീട്ടില്‍ മുസ്തഫ. മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന ഈ നിരാലംബ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മീഡിയവണാണ് പുറത്തെത്തിച്ചത്. പീപ്പിള്‍സ് ഫൌണ്ടേഷന്‍ ഫെസിലിറ്റേറ്റിങ് പാര്‍ട്ണറായി പ്രമുഖ പിന്നണി ഗായിക ചിത്ര അവതരിപ്പിക്കുന്ന 'മീഡിയവണ്‍ സ്നേഹസ്പര്‍ശം' പരിപാടിയിലൂടെ, ഈ കുടുംബത്തിന്റെ ദുരിത ജീവിതം പുറം ലോകമറിഞ്ഞതോടെ വന്‍ പ്രതികരണങ്ങളാണ് അതുണ്ടാക്കിയത്. പ്രേക്ഷകര്‍ സ്വരൂപിച്ച ഒരു ലക്ഷത്തി മൂവായിരത്തി അഞ്ഞൂറ് രൂപയുടെചെക്ക് മീഡിയവണ്‍ ഡയറക്ടര്‍ ഡോക്ടര്‍ ടി. അഹ്‌മദും ഡെപ്യൂട്ടി സിഇഒ എം സാജിദും ചേര്‍ന്ന് കുടുംബത്തിന് കൈമാറി.

ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാസര്‍ അഹ്‌മദ്, മീഡിയവണ്‍ പി ആര്‍ മാനേജര്‍ ഷാക്കിര്‍ ജമീല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജ്യോതി വെള്ളല്ലൂര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വാര്‍ത്ത കണ്ട പ്രവാസി വാട്സപ്പ് കൂട്ടായ്മ പിരിച്ചെടുത്ത 73151 രൂപയും ഇതേ ചടങ്ങില്‍ കൈമാറി.

കെട്ട കാലത്തെ കുറിച്ച് നാം കേട്ടുശീലിച്ചതെല്ലാം നേരല്ലെന്നും നേരിന്റേയും നെറിയുടേയും നറുനാമ്പുകള്‍ക്ക് ഇനിയും ഉറവ വറ്റിയിട്ടില്ലെന്നും തെളിയിക്കുകയായിരുന്നു ഒരു വാര്‍ത്തയും അതുണ്ടാക്കിയ പ്രതികരണങ്ങളും.

Tags:    

Similar News