അട്ടപ്പാടിയിൽ ആദിവാസി സ്ത്രീകള്‍ക്കായി അപ്പാരൽ പാർക്കിന് തുടക്കം
ആദിവാസി സ്ത്രീകള്‍ക്ക് വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി അപ്പാരല്‍ പാര്‍ക്കില്‍ തൊഴില്‍ നല്‍കും
ആദിവാസി സ്ത്രീകള്‍ക്കായി അട്ടപ്പാടിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അപ്പാരല്‍ പാര്‍ക്കിന് തുടക്കമായി. ആദിവാസി സ്ത്രീകള്‍ക്ക് വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി അപ്പാരല്‍ പാര്‍ക്കില്‍ തൊഴില്‍ നല്‍കും. മില്ലറ്റ് ഗ്രാമം പദ്ധതിയിലൂടെ ഉത്പാദിപ്പിച്ച ചെറുധാന്യങ്ങളില്‍ നിന്നുമുണ്ടാക്കിയ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനോല്‍ഘാടനവും അട്ടപ്പാടിയില്‍ നടന്നു.
പട്ടികവര്‍ഗ്ഗ സ്ത്രീകളുടെ ശാക്തീകരണത്തിലൂടെ ആദിവാസി ഊരുകളില്‍ വികസന മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പാരല്‍ പാര്‍ക്കിന് അട്ടപ്പാടിയില്‍ തുടക്കം കുറിച്ചത്. 250ഓളം ആദിവാസി സ്ത്രീകള്‍ക്ക് പദ്ധതിയിലൂടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദിവാസി സ്ത്രീകള്‍ രൂപകല്‍പന ചെയ്യുന്ന വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കും.
1500ഓളം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി വിദേശത്ത് ജോലി ഉറപ്പ് വരുത്തുന്ന പുതിയ പദ്ധതിയും പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന്‍റെ പരിഗണനയിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയിലൂടെ വഴി ഉത്പാദിപ്പിച്ച ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും ചടങ്ങിൽ നടന്നു.
ആദിവാസികളുടെ പാരമ്പര്യ ചെറുധാന്യങ്ങള്‍ ഊരുകളില്‍ ഉത്പാദിപ്പിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന പദ്ധതി കൃഷി വകുപ്പും പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പും സംയുക്തമായാണ് നടപ്പിലാക്കിയത്.
ഏഴ് മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് അട്ടപ്പാടി ബ്രാന്‍ഡില്‍ വിപണിയിലെത്തുക. അട്ടപ്പാടിയെ പ്രത്യേക കാര്‍ഷി മേഖലയായി പ്രഖ്യാപിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് മില്ലറ്റ് ഗ്രാമം പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം .