മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനോട് വിയോജിച്ച ജീവനക്കാരനെ സ്ഥലംമാറ്റി

സാലറി ചലഞ്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് പോസ്റ്റിട്ടു. തുടര്‍ന്ന് സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനായ അനില്‍ രാജിനെ ധനവകുപ്പ് സ്ഥലംമാറ്റി

Update: 2018-09-13 13:05 GMT

ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി ഈടാക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജീവനക്കാരില്‍ അസ്വസ്ഥത പടരുന്നു. സാലറി ചലഞ്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടു. തുടര്‍ന്ന് സി.പി.എം അനുകൂല സംഘടനാ പ്രവര്‍ത്തകനായ അനില്‍ രാജിനെ ധനവകുപ്പ് സ്ഥലം മാറ്റി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിന് പ്രതിപക്ഷ സംഘടനകള്‍ തീരുമാനിച്ചു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവിറക്കിയ സെക്രട്ടറിയേറ്റിലെ ധനവകുപ്പിലെ ഫണ്ട്സ് വിഭാഗത്തിലെ സെക്ഷന്‍ ഓഫീസറാണ് അനില്‍ രാജ്. സെക്രട്ടറിയേറ്റിലെ സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് അനില്‍ രാജ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് അനില്‍ വകുപ്പിനെയും സംഘടനയെയും അറിയിച്ചു. നോ ടു സാലറി ചലഞ്ച് എന്ന പ്രസ്താവന ഫേസ് ബുക്കിലും വാട്സ് ആപിലും അയക്കുകയും ചെയ്തു. ഇത് പിന്നീട് നീക്കിയെങ്കിലും വിവരം ധനമന്ത്രിയുടെ ഓഫീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു.

Advertising
Advertising

ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ തന്നെ ഈ നടപടിയെടുത്തത് മന്ത്രിയുടെ ഓഫീസിനെയും കുഴക്കി. സെക്രട്ടറിയേറ്റിന് പുറത്തുള്ള ദേശീയ സമ്പാദ്യ പദ്ധതിയുടെ ഡയറക്ടറേറ്റിലേക്ക് അനില്‍ രാജിനെ സ്ഥലം മാറ്റുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. സ്ഥലംമാറ്റത്തിന് മറ്റു കാരണങ്ങളില്ലെന്ന വിശദീകരണമാണ് ധനമന്ത്രിയുടെ ഓഫീസ് നല്‍കുന്നത്.

ഇതിനിടെ സര്‍ക്കാരിന്‍റെ നിര്‍ബന്ധ പിരിവിനെതിരെ പ്രചരണം സംഘടിപ്പിക്കാന്‍ യു.ഡി.എഫ് അനുകൂല ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ തീരുമാനിച്ചു. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ അവസരം വേണമെന്നാണ് ആവശ്യം. വിസമ്മതപത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

Full View
Tags:    

Similar News