കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ശക്തമായി ഇടപെട്ട് രാഹുല്‍ ഗാന്ധി

തോല്‍വിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരുവനന്തപുരം ഡി.സി.സി നേതൃയോഗത്തിലെ മുല്ലപ്പള്ളിയുടെ വാക്കുകള്‍.

Update: 2018-10-13 08:02 GMT

കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ശക്തമായി ഇടപെട്ട് രാഹുല്‍ ഗാന്ധി. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലും രാജ്ഭവന്‍ മാര്‍ച്ചിലെ യുവ എം.എല്‍.എമാരുടെ അസാന്നിധ്യത്തിലും എ.ഐ.സി.സി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി. പാര്‍ട്ടിയേക്കാള്‍ വലുതെന്ന് കരുതുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുറന്നടിച്ചു.

കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നാവായിക്കുളം ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഏറെക്കാലമായി നിലനിര്‍ത്തിയിരുന്ന സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ വിജയിച്ചത് ബി.ജെ.പി. തോല്‍വിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു തിരുവനന്തപുരം ഡി.സി.സി നേതൃയോഗത്തിലെ മുല്ലപ്പള്ളിയുടെ വാക്കുകള്‍.

ഇന്ധനവില വര്‍ധനക്കെതിരെ രാഹുല്‍ ആഹ്വാനം ചെയ്ത രാജ്ഭവന്‍ മാര്‍ച്ചില്‍ യുവനേതാക്കള്‍ പങ്കെടുക്കാതിരുന്നതും ഗൌരവമായാണ് കാണുന്നത്. ഇരുവിഷയത്തിലും ഒരാഴ്ചക്കകം വിശദീകരണം നല്‍കണം. സംഘടനാ തലത്തില്‍ ദേശീയ നേതൃത്വം വരുംനാളുകളില്‍ എങ്ങനെ ഇടപെടുമെന്നതിന്റെ സൂചനയാണ് ഈ നടപടികള്‍.

Tags:    

Similar News