മലപ്പുറം ജില്ലാ സി.പി.എം നേതൃത്വം തന്നെ പിന്തുണയ്ക്കുന്നില്ലെന്ന പരാതിയുമായി കെ. ടി ജലീല്‍
ജലീല്‍ പരസ്യപ്രതിഷേധങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് മലപ്പുറത്താണ്. കരിങ്കൊടിയും, വഴിതടയലും, ചീമുട്ടയേറും കാരണം നേരത്തെ നിശ്ചയിച്ച ചില പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. എന്നിട്ട് പോലും..
പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തില്‍ പ്രതിഷേധങ്ങളുണ്ടായിട്ടും മലപ്പുറം ജില്ലയിലെ സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള പിന്തുണയും കിട്ടുന്നില്ലന്ന് മന്ത്രി കെ.ടി ജലീലിന് പരാതി. അടുപ്പമുള്ള സംസ്ഥാന നേതാക്കളേയും, മലപ്പുറം ജില്ലാ നേത്യത്വത്തേയും ഇക്കാര്യം അറിയിച്ചു. മണ്ഡലമായ തവനൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കുറച്ച് കാലമായി സി.പി.എം പ്രാദേശിക നേത്യത്വവും കെ.ടി ജലീലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
മന്ത്രി ജലീല്‍ പരസ്യ പ്രതിഷേധങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. കരിങ്കൊടിയും, വഴി തടയലും,ചീമുട്ടയേറും കാരണം നേരത്തെ നിശ്ചയിച്ച ചില പരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. എന്നിട്ട് പോലും സിപിഎം മലപ്പുറം ജില്ലാ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് പിന്തുണ ലഭിച്ചില്ലന്ന പരാതിയാണ് ജലീല്‍ ഉന്നയിക്കുന്നത്. സ്വകാര്യ പരിപാടിക്ക് പോകുന്ന മന്ത്രിയെ വഴി തടയുന്നത് ശരിയല്ലന്ന പ്രസ്താവന മാത്രമാണ് ജലീലിന് വേണ്ടി ജില്ലാ നേതൃത്വം ആകെ പുറത്തിറക്കിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലും തിരിഞ്ഞ് നോക്കിയില്ലന്നും ജലീലിന് ആക്ഷേപമുണ്ട്.
തവനൂരിലും ,കുറ്റിപ്പുറത്തും, പൊന്നാനിയിലുമക്കെ പ്രാദേശിക നേതൃത്വങ്ങളും ജലീലും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറേ മുമ്പ് മുതല്‍ തന്നെയുള്ളതാണ്. മലപ്പുറം ജില്ലാ നേതൃത്വത്തിലെ ഭൂരിഭാഗം വരുന്ന നേതാക്കള്‍ക്കും ജലീലിനോട് അകല്‍ച്ചയുണ്ട്. പാര്‍ട്ടിയെ മറികടന്ന് സ്വന്തം നിലയില്‍ മന്ത്രി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഇതിന് കാരണം. അതുകൊണ്ടാണ് ഇടത് മന്ത്രിസഭയിലെ ഒരംഗമാണ് പ്രതിസന്ധിയില്‍ പെട്ടതെങ്കിലും മാറി നില്‍ക്കാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. ചാനല്‍ ചര്‍ച്ചകളില്‍ തനിക്ക് വേണ്ടി സംസാരിക്കാന്‍ പ്രമുഖ നേതാക്കള്‍ തയ്യാറായില്ലന്ന പരാതി കെ.ടി ജലീലിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.അതേ സമയം പാര്‍ട്ടി ജലീലിനൊപ്പമുണ്ടന്ന ഔദ്യോഗിക വിശദീകരണമാണ് ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് നല്‍കിയത്.