കിഴക്കോത്ത് പഞ്ചായത്ത് ‘പരിധിക്ക് പുറത്താണ്’
മിക്ക വീടുകള്‍ക്കും അകത്ത് നെറ്റ് വര്‍ക്ക് തീരെ ലഭിക്കില്ല. അത്യാവശ്യത്തിന് ഫോണ്‍ ചെയ്യണമെങ്കില്‍ പുറത്തിറങ്ങി റെയ്ഞ്ച് ലഭിക്കുന്ന ഭാഗം തിരഞ്ഞു നടക്കണം.
4G കാലത്തും ഫോണ്‍ വിളിക്കാന്‍ നെറ്റ് വര്‍ക്ക് കിട്ടാതെ പ്രയാസപ്പെടുകയാണ് കിഴക്കോത്ത് പഞ്ചായത്തിലെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍. ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടെയുള്ള ആറോളം വാര്‍ഡുകളിലാണ് മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ ലഭിക്കാത്തത്. ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം നല്‍കാന്‍ പ്രദേശത്തുള്ളവര്‍ തയ്യാറാണങ്കിലും മൊബൈല്‍ കമ്പനികള്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണന്ന ആക്ഷേപമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പന്നൂര്‍, കട്ടില്‍കുന്ന്, ഒഴലക്കുന്ന്, മറിവീട്ടില്‍താഴം, കണ്ടിയില്‍, പുത്തലത്ത് പറമ്പ്, പരപ്പാറ പ്രദേശങ്ങളാണ് പ്രധാനമായും പരിധിക്ക് പുറത്തുള്ളത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം, പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലും പ്രധാനപ്പെട്ട അങ്ങാടികളിലും നെറ്റ് വര്‍ക്ക് ലഭിക്കാത്തത് ഉപഭോക്താക്കളെ ചെറുതല്ലാതെ ബുദ്ധിമുട്ടിക്കുന്നു.
പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനത്തെ പോലും നെറ്റ് വര്‍ക്ക് ലഭിക്കാത്തത് താളം തെറ്റിക്കുന്നുണ്ട്. മിക്ക വീടുകള്‍ക്കും അകത്ത് നെറ്റ് വര്‍ക്ക് തീരെ ലഭിക്കില്ല. അത്യാവശ്യത്തിന് ഫോണ്‍ ചെയ്യണമെങ്കില്‍ പുറത്തിറങ്ങി റെയ്ഞ്ച് ലഭിക്കുന്ന ഭാഗം തിരഞ്ഞു നടക്കണം.
പഠന ആവശ്യത്തിന് പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ പഠനവും പരിധിക്ക് പുറത്താവുകായണ്. ജനവാസം കുറവായ മേഖലകളില്‍ ടവര്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭ്യമാക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മൊബൈല്‍ കമ്പനികള്‍ തയ്യാറാവണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.