തൃക്കാക്കര നഗരസഭയില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി; യു.ഡി.എഫിന് ഭരണം നഷ്ടമാകും

യു.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച സാബു ഫ്രാന്‍സിസിന്‍റെ പിന്തുണയില്‍ എല്‍.ഡി.എഫിനായിരുന്നു തുടക്കത്തില്‍ തൃക്കാക്കര നഗരസഭയുടെ ഭരണം. പിന്നീട്..

Update: 2018-11-26 12:53 GMT

എറണാകുളം തൃക്കാക്കര നഗരസഭ ഭരണം യു.ഡി.എഫിന് നഷ്ടമാകും. വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെതിരെ എല്‍.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം കോണ്‍ഗ്രസ് അംഗം ഷീല ചാരു പിന്തുണച്ചതോടെ പാസാകുകയായിരുന്നു. ചെയര്‍പേഴ്സണ്‍ എം.ഡി ഓമനക്കെതിരായ അവിശ്വാസ പ്രമേയം നാളെ ചര്‍ച്ചക്കെടുക്കും.

43 അംഗ നഗരസഭ കൌണ്‍സിലില്‍ യു.ഡി.എഫിന് 22 ഉം എല്‍.ഡി.എഫിന് 21ഉം അംഗങ്ങളാണുണ്ടായിരുന്നത്. കോണ്‍ഗ്രസിനകത്തെ പടലപ്പിണക്കത്തിനൊടുവില്‍ 20-ാം ഡിവിഷന്‍ കൌണ്‍സിലര്‍ ഷീല ചാരു ഇടതുപക്ഷത്തേക്ക് കൂറുമാറി. ഇന്ന് നടന്ന വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസിനെതിരായുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ എത്തിയതുമില്ല. വോട്ടെടുപ്പില്‍ ഷീല ചാരുവിന്‍റെ പിന്തുണയില്‍ 22 വോട്ട് നേടി എല്‍.ഡി.എഫ് അവിശ്വാസം പാസാക്കി.

Advertising
Advertising

നാളെയാണ് ചെയര്‍പേഴ്സണ്‍ എം.ഡി ഓമനക്കെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഭരണം യു.ഡി.എഫിന് നഷ്ടമാകും. യു.ഡി.എഫ് വിമതനായി മത്സരിച്ച് വിജയിച്ച സാബു ഫ്രാന്‍സിസിന്‍റെ പിന്തുണയില്‍ എല്‍.ഡി.എഫിനായിരുന്നു തുടക്കത്തില്‍ തൃക്കാക്കര നഗരസഭയുടെ ഭരണം. പിന്നീട് സാബു യു.ഡി.എഫിലേക്ക് കൂറുമാറിയതോടെ കോണ്‍ഗ്രസിലെ എം.ഡി ഓമന നഗരസഭ അധ്യക്ഷയാകുകയായിരുന്നു. രാഷ്ട്ട്രീയ നാടകങ്ങള്‍ തൃക്കാക്കരയില്‍ തുടര്‍ക്കഥയാകുമ്പോള്‍ കൂറുമാറിയെത്തിയ ഷീല ചാരുവിന് നഗരസഭ ചെയര്‍ പേഴ്സണ്‍ പദവി സി.പി.എം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പറ‍ഞ്ഞു കേള്‍ക്കുന്നത്.

Full View
Tags:    

Similar News