കീഴാറ്റൂരില്‍ റോഡ് വയലിലൂടെ തന്നെ; ബദല്‍ സാധ്യത തേടുമെന്ന കേന്ദ്ര ഉറപ്പ് പാഴായി

ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.

Update: 2018-11-27 08:45 GMT

കണ്ണൂരിലെ കീഴാറ്റൂര്‍ വഴിയുള്ള ദേശീയപാതയുടെ അലൈന്‍മെന്‍റില്‍ ഒരു മാറ്റവും വരുത്തില്ല. ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ബൈപാസിന്റെ അലൈന്‍മെന്‍റില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ദേശീയപാത വിരുദ്ധ സമരം നടക്കുന്ന കീഴാറ്റൂര്‍ ‍- തുരുത്തി പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് അന്തിമ വിജ്ഞാപനം പുറത്തിറങ്ങിയത്.

Full View

കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് ഡല്‍ഹിയില്‍ സമര സമിതി നേതാക്കളുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചാണ് ഹൈവെ മന്ത്രാലയം ഇന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. ദേശീയപാതാ വിരുദ്ധ സമരം നടക്കുന്ന കീഴാറ്റൂര്‍ - തുരുത്തി മേഖലകളില്‍ ബദല്‍ പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധ സംഘത്തെ നിയമിക്കുമെന്നായിരുന്നു ചര്‍ച്ചയിലെ തീരുമാനം.

Advertising
Advertising

Full View

സമര സമിതി നേതാക്കള്‍ക്കൊപ്പം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് തുടങ്ങിയവരും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വിദഗ്ധ സമിതിയെ നിയമിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി ഹൈവെ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

Full View

പാപ്പിനിശേരി താലൂക്കില്‍ ഉള്‍പ്പെടുന്ന തുരുത്തി, തളിപ്പറമ്പ് താലൂക്കിലെ കീഴാറ്റൂര്‍ പ്രദേശങ്ങളില്‍ ദേശീയപാതക്കായി അളന്ന് തിരിച്ച ഭൂമിയുടെ ഉടമകള്‍ ജനുവരി ആദ്യവാരം വസ്തുവിന്റെ അസ്സല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതിനിടെ ഹൈവെ അതോറിറ്റിയുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സമര സമിതിയുടെ തീരുമാനം.

Tags:    

Similar News