ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കും

ശബരിമലയിലെ പോലിസ് അതിക്രമം, നിരോധനാജ്ഞ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചൂണ്ടികാണിച്ചുള്ള ഒരുകൂട്ടം ഹരജികളിലാണ് കോടതി നിരീക്ഷണം

Update: 2018-11-27 15:17 GMT

ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സന്നിധാനത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. സുപ്രിം കോടതി വിധി നടപ്പാക്കാൻ കൃത്യമായ സംവിധാനവും ശരിയായ രീതിയും വേണമെന്ന് കോടതി നിര്‍ദേശം നല്‍കി. ശബരിമലയുടെ നീരിക്ഷകരായി രണ്ട് റിട്ടയേര്‍ഡ് ജഡ്ജിമാരെയും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനേയും കോടതി നിയമിച്ചു. ശബരിമലയിലെ നിയന്ത്രണങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചു.

ശബരിമലയിലെ പോലിസ് അതിക്രമം, നിരോധനാജ്ഞ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചൂണ്ടികാണിച്ചുള്ള ഒരുകൂട്ടം ഹരജികളിലാണ് കോടതി നിരീക്ഷണം. ശബരിമലയില്‍ നാമജപം നിയന്ത്രിക്കരുതെന്ന് കോടതി നിര്‍ദ്ധേശം നല്‍കി. യഥാർത്ഥ ഭക്തരുടെ അവകാശമാണ് ശരണം വിളിയെന്നും കോടതി ചൂണ്ടികാട്ടി.

Advertising
Advertising

കെ.എസ്.ആര്‍.ടി.സി മുഴുവൻ സമയ സർവീസ് നടത്തണം. ഭക്ഷണശാലകളും പ്രവർത്തിക്കണം. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആവശ്യത്തിനു ശുചിമുറി സൗകര്യങ്ങൾ വേണമെന്നും കോടതി നിര്‍ദേശം നല്‍കി. ശബരിമലയിലെ നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സന്നിധാനത്ത് പ്രതിഷേധ പരിപാടികൾ പാടില്ല. പോലീസിന് നിയമപരമായ നടപടികൾ തുടരാമെന്നും കോടതി ചൂണ്ടികാട്ടി.

ദേവസ്വം ഓംബുഡ്സ്‌മാൻ ജസ്റ്റിസ് പി.ആര്‍ രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡി.ജി.പി ഹേമചന്ദ്രൻ എെ.പി.എസ് എന്നിവരെ നിരീക്ഷകരായി കോടതി നിയമിച്ചു. നിരീക്ഷകർ കാര്യങ്ങളെ കുറിച്ച് കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോൻ, ജസ്റ്റിസ് എന്‍. അനിൽകുമാർ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് ഉത്തരവിട്ടു. എന്നാല്‍ സന്നിധാനത്ത് നാമജപം പാടില്ലെന്നടക്കമുള്ള പോലിസിന്‍റെ ഏകപക്ഷീയമായ എല്ലാ ഉത്തരവുകളും കോടതി റദ്ദാക്കി.

സ്ത്രികൾ, കുട്ടികൾ, അംഗവൈകല്യം ഉള്ളവർ എന്നിവർക്ക് മാത്രം നടപ്പന്തലിൽ വിരി വയ്ക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. ദർശനത്തിനു വരുന്നവരെ ഈ ഭാഗത്ത് ബാരിക്കേഡ് കെട്ടി പ്രത്യേക ക്യു ആയി കടത്തി വിടണം. യുവതികൾ വന്നാൽ എങ്ങനെ സുരക്ഷിതമായി ദർശനം സാധ്യമാക്കാം എന്നതു സംബന്ധിച്ച പദ്ധതി മുദ്ര വച്ച കവറിൽ എ.ജി കോടതിക്ക് കൈമാറി.

പോലീസില്‍ വിശ്വാസമുണ്ടെന്നും ഉചിതമായി കൈകാര്യം ചെയ്യണം എന്നും കോടതി ഓര്‍മ്മിപ്പിച്ചു. ശബരിമലയില്‍ ജഡ്ജിയെ തടഞ്ഞതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

Tags:    

Similar News