കെ.എസ്.ആര്‍.ടിസിയിലെ മിന്നല്‍പണിമുടക്ക്; 170 ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്  

Update: 2018-12-05 07:35 GMT

കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍പണി മുടക്ക് നടത്തിയവര്‍ക്കെതിരെ നടപടിയുമായി മാനേജ്മെന്റ്. റിസര്‍വ്വേഷന്‍ ടിക്കറ്റ് കൌണ്ടറിന്റെ നടത്തിപ്പ് കുടുംബശ്രീ മിഷന് നല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. വിവിധ തൊഴിലാളി യൂണിയനുകളില്‍ ഉള്‍പ്പെട്ട 170 പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

സമരക്കാര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരിവിട്ടതോടെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഡ്രൈവേഴ്സ് യൂണിയന്‍ , എ.ഐ.ടി.യു.സി, ബി.എം.എസ് നേതാക്കളടക്കം 170 പേര്‍ക്കെതിരെയാണ് നടപടി. നോട്ടീസ് കൈപ്പറ്റി ഏഴു ദിവസത്തിനകം കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കിരി നോട്ടീസ് നല്‍കിയിരിക്കുന്നത്. സമരത്തെ തുടര്‍ന്നുണ്ടായ നഷ്ടം ജീവനക്കാരില്‍ നിന്നും ഈടാക്കും.

ഒക്ടോബര്‍ 16 നായിരുന്നു ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കരാർ കുടുംബശ്രീ മിഷന് നൽകിയതിനെതിരെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി മിന്നല്‍ പണി മുടക്ക് നടത്തിയത്. ഇതേ തുടര്‍ന്ന് മൂന്നരമണിക്കൂറോളം സംസ്ഥാനവ്യാപകമായി കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നിര്‍ത്തിയിട്ടു. ഇതോടെ 1200 സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരുന്നു. പണിമുടക്കിനെ തുടര്‍ന്ന് കോര്‍പ്പറേഷന് 1,50,81,627 രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായിരുന്നു.

Tags:    

Similar News