പിരിച്ചു വിടല്‍ നീക്കം ചെറുക്കുമെന്ന് എം പാനല്‍ ജീവനക്കാര്‍
എം പാനല്‍ ജീവനക്കാരെ 179 ദിവസത്തേക്ക് നിയമിക്കുകയും പിന്നീട് പിരിച്ചു വിടാതെ വര്‍ഷങ്ങളോളം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിക്കുകയുമാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ ചെയ്തത്.
പിരിച്ചു വിടാനുള്ള നീക്കങ്ങളെ നിയമപരമായും സഹനസമരത്തിലൂടെയും നേരിടുമെന്ന് കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍. എംപാനലുകാരെ നിലനിര്‍ത്തിക്കൊണ്ടു തന്നെ പി.എസ്.സി ലിസ്റ്റില്‍ നിന്ന് നിയമനം നടത്താന്‍ കഴിയുമെന്നും പാലക്കാട്ട് ചേര്‍ന്ന എം പാനല്‍ കൂട്ടായ്മ ചൂണ്ടിക്കാട്ടി.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമപരമായിത്തന്നെ നിയമിക്കപ്പെട്ടവരാണ് എം പാനല്‍ ജീവനക്കാരെന്നതിനാല്‍ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പാലക്കാട് ചേര്‍ന്ന കൂട്ടായ്മ ആവശ്യപ്പെട്ടു. എം പാനല്‍ ജീവനക്കാരെ 179 ദിവസത്തേക്ക് നിയമിക്കുകയും പിന്നീട് പിരിച്ചു വിടാതെ വര്‍ഷങ്ങളോളം കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യിക്കുകയുമാണ് മാറി മാറി വന്ന സര്‍ക്കാരുകള്‍ ചെയ്തത്. അതില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു ജോലികള്‍ ലഭിക്കുന്നതിനുള്ള പ്രായപരിധി കടന്നു പോയി. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി കൈവിട്ടാല്‍ 8500ഓളം കുടുംബാംഗങ്ങളുടെ ജീവിതമാണ് പ്രതിസന്ധിയിലാവുകയെന്ന് എം പാനല്‍ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
ഈ സാഹചര്യത്തില്‍ സഹനസമരത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും പിരിച്ചുവിടല്‍ നീക്കങ്ങള്‍ ചെറുക്കാനാണ് സംസ്ഥാനതല എം പാനല്‍ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്.