അറസ്റ്റിലായ എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം

ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്.

Update: 2018-12-15 14:32 GMT

ദലിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരിൽ അറസ്റ്റിലായ സാഹിത്യകാരന്‍ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസർകോട് സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്നെ ദലിത് വിരുദ്ധനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

മാവിലാന്‍ സമുദായത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചു എന്നാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെയുള്ള പരാതി. ഫെബ്രുവരി 9ന് കോഴിക്കോട് വച്ച് നടന്ന പരിപാടിയിലായിരുന്നു കേസിനാസ്പദമായ വിവാദ പരാമര്‍ശം. പണവും പ്രശസ്‌തിയും വന്നാല്‍ ചില അവര്‍ണ്ണര്‍ സവര്‍ണ്ണരാകുമെന്നായിരുന്നു പരാമർശം.

Advertising
Advertising

Full View

ദലിത് വിഭാഗങ്ങളില്‍ സാമൂഹികമായോ സാമ്പത്തികമായോ ഉന്നതിയിലെത്തുന്നവര്‍ ഉയര്‍ന്ന ജാതിക്കാരാവാന്‍ ശ്രമിക്കുന്നുവെന്നും പ്രഭാഷണ മധ്യേ ഏച്ചിക്കാനം പറഞ്ഞിരുന്നു. തന്നെ കുറിച്ചാണ് ഏച്ചിക്കാനത്തിന്റെ ഈ പരാമർശമെന്നാരോപിച്ച് സി. ബാലകൃഷ്‌ണൻ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തെറ്റിദ്ധാരണ മൂലമാണ് പരാതി എന്ന് സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പൊലീസില്‍ കീഴടങ്ങാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്നാണ് പോലീസിൽ ഹാജരായ സന്തോഷ് ഏച്ചിക്കാനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്. രണ്ട് ആൾ ജാമ്യം, 50,000 രൂപ കെട്ടിവെക്കുക, എല്ലാ ശനിയാഴ്ചകളിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുക എന്നീ വ്യവസ്ഥകളിലാണ് കോടതി ജാമ്യം അനുവദിച്ചത്.

Tags:    

Similar News