പത്തനംതിട്ടയില്‍ വനത്തില്‍ തീര്‍ഥാടകന്‍ മരിച്ച സംഭവം വീണ്ടും സജീവമാക്കാന്‍ ബി.ജെ.പി ശ്രമം

സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി.

Update: 2018-12-16 03:56 GMT

പത്തനംതിട്ട ളാഹക്ക് സമീപം വനത്തിൽ ശബരിമല തീർത്ഥാടകൻ പന്തളം സ്വദേശി ശിവദാസനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വീണ്ടും സജീവമാക്കാൻ ബി.ജെ.പി ശ്രമം. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി. നിലക്കൽ സംഘർഷങ്ങൾക്കിടെ പൊലീസ് വിരട്ടിയോടിച്ചതാണ് മരണകാരണമെന്നായിരുന്നു ബി.ജെ.പി പ്രചാരണം. എന്നാൽ ഇതിന് വിരുദ്ധമായിരുന്നു ശിവദാസന്റെ ബന്ധുക്കളുടെ നിലപാട്.

ശിവദാസന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് നിസ്സംഗ സമീപനം സ്വീകരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നുമാണ് ബി.ജെ.പി ആരോപണം. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും.

Advertising
Advertising

ശബരിമല ദർശനത്തിന് പോയ ശിവദാസന്റ മൃതദേഹം ളാഹ കമ്പളത്തും വളവിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 17ന് നിലക്കലിൽ നടന്ന പൊലീസ് ലാത്തിച്ചാർജിൽ വിരണ്ടോടിയ ശിവദാസനെ വനത്തിൽ കാണാതായെന്നായിരുന്നു ബി.ജെ.പി പ്രചാരണം. എന്നാൽ ശിവദാസൻ ഒക്ടോബർ 18നാണ് വീട്ടിൽ നിന്ന് പുറപ്പെട്ടതെന്നും 19ന് വീട്ടിലേക്ക് വിളിച്ചതായും ഭാര്യ ലളിത വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലും ഉണ്ടായിരുന്നു. ദുരൂഹ മരണം കൊലപാതകമായി ചിത്രീകരിച്ച് ഹർത്താലും മറ്റ് പ്രതിഷേധ പരിപാടികളും നടത്തിയ ബി.ജെ.പി നേതൃത്വം പിന്നീട് പിൻവാങ്ങിയിരുന്നു.

Full View

സെക്രട്ടറിയേറ്റിന് മുന്നിൽ ബി.ജെ.പി സമരപന്തലിന് സമീപം തിരുവനന്തപുരം സ്വദേശി വേണുഗോപാലൻ നായർ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പിയുടെ ഹർത്താൽ ആഹ്വാനം ജനവികാരം എതിരാക്കിയ സാഹചര്യത്തിലാണ് ശിവദാസന്റ മരണത്തിൽ തുടർ സമരങ്ങൾക്ക് ബി.ജെ.പി തയ്യാറാകുന്നത്.

Tags:    

Similar News