കരിക്കകം സ്കൂള്‍ വാന്‍ അപകടം; ഇര്‍ഫാന്‍ ഇനി നൊമ്പരപ്പെടുത്തുന്ന ഓര്‍മ
ഷാജഹാന്‍ സജിനി ദമ്പതികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു ഇര്‍ഫാന്‍. നഴ്സറിലേക്ക് പോയ സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇര്‍ഫാനും അതില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം കരിക്കകത്ത് സ്കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ഥി ഇര്‍ഫാന്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്ന ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. മൃതദേഹം വൈകീട്ട് മൂന്നു മണിയോടെ പേട്ട ജുമാ മസ്ജിദില്‍ ഖബറടക്കും.
ഷാജഹാന്‍ സജിനി ദമ്പതികളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞായിരുന്നു ഇര്‍ഫാന്‍. നഴ്സറി സ്കൂളിലേക്ക് പോയ സ്കൂള്‍ വാന്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഇര്‍ഫാനും ഉണ്ടായിരുന്നു. അപകടത്തില്‍ പരിക്കുകളോടെ ഇര്‍ഫാന്‍ രക്ഷപ്പെട്ടു. തലയ്ക്കേറ്റ ക്ഷതം കാരണം ശരീരം തളര്‍ന്ന നിലയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ചികിത്സയിലായിരുന്നു ഇര്‍ഫാന്‍. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തുമണിയോടെ മരണം സംഭവിച്ചു.
പതിനൊന്ന് മണിയോടെ മൃതദേഹം കാരിക്കകത്തെ വീട്ടിലെത്തിച്ചു. പതിനൊന്ന് വയസ്സുകാരന് അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവിധി പേരാണ് ഇര്‍ഫാന്റെ വീട്ടിലെത്തിയത്. 2011 ഫെബ്രവരി 17ന് കിരക്കകത്ത് പാര്‍വതീപുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. 6 കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് അന്ന് മരിച്ചത് . ഇര്‍ഫാന്റെ മരണത്തോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു നാടിനെ മുഴുവന്‍ സങ്കടത്തിലാക്കി ഇര്‍ഫാനും യാത്രയാവുകയാണ്.