കൊച്ചി കോര്‍പ്പറേഷനു മുന്നില്‍ സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം
മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ലന്നും അതുകൊണ്ട് തന്നെ തങ്ങളെ തിരിച്ച് എടുക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്
കൊച്ചി കോര്‍പ്പറേഷനു മുന്നില്‍ സമരം ചെയ്യുന്ന ശുചീകരണ തൊഴിലാളികളെ ജീവനക്കാരന്‍ മര്‍ദിച്ചതായി പരാതി. ഏഴു മാസക്കാലമായി തുടരുന്ന തങ്ങളുടെ സമരം ഒത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികളെ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ തങ്ങള്‍ ആരയും മര്‍ദ്ദിച്ചിട്ടില്ലന്നും തൊഴിലാളികളല്ലാത്ത ചിലര്‍ ചേര്‍ന്ന് മനപ്പൂര്‍വ്വം പ്രശ്നമുണ്ടാക്കുകയായിരുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഇന്ന് ഉച്ചയോടെയാണ് കോര്‍പ്പറേഷനു മുന്നില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ ജീവനക്കാര്‍ ചേര്‍ന്ന് മര്‍ദിച്ചത്. സമരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയില്‍ സ്ത്രീകളടക്കമുള്ള തൊഴിലാളികളെ കോര്‍പ്പറേഷനിലെ യൂണിയനില്‍ അംഗമായ ജീവനക്കാരന്റെ നേതൃത്വത്തിലെത്തിയ സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ നാലോളം തൊഴിലാളികള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തൊഴിലാളികളല്ലാത്ത ചിലര്‍ ചേര്‍ന്ന് പ്രകോപനം ഉണ്ടാക്കുകയായിരുന്നെന്നും തങ്ങള്‍ ആരെയും മര്‍ദിച്ചിട്ടില്ലന്നുമാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പറയുന്നത്.
കൊച്ചി കോര്‍പ്പററേഷനിലെ ഡി.എല്‍.ആര്‍ വിഭാഗത്തില്‍ 200 തൊഴിലാളികളെ മാസങ്ങല്‍ക്ക് മുന്‍പ് പിരിച്ച് വിട്ടിരുന്നു. ഒന്‍പത് വര്‍ഷമായി ശുചീകരണ ജോലികള്‍ ചെയ്യുന്ന ഇവരെ എംപ്ലോയിമെന്റ് എക്സ്ചേഞ്ചു വഴിയുള്ള നിയമനം നടത്തുന്നതിന് മുന്നോടിയായാണ് നടപടി. പിരിച്ച് വിട്ടവരെ തിരിച്ച് എടുക്കണമെന്നാവശ്യപ്പെട്ട് ജൂലൈയ് 11 മുതലാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. എന്നാല്‍ സമരം ആരംഭിച്ച് ഏഴുമാസം പിന്നിട്ടിട്ടും തങ്ങളെ തിരിഞ്ഞ് നോക്കാന്‍ പോലും ആളില്ലന്നാണ് ഇവര്‍ പറയുന്നത്.
തൊഴിലാളി സമരം സംബന്ധിച്ച് കോടതിയില്‍ കേസ് നിലവിലുണ്ട്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് വിഷയത്തില്‍ പരാതി നല്‍കിയിട്ടും പരിഹാരമായിട്ടില്ലന്നും അതുകൊണ്ട് തന്നെ തങ്ങളെ തിരിച്ച് എടുക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.