മനിതി സംഘത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാരും ഹൈക്കോടതി നിരീക്ഷണ സമിതിയും
ക്രിമിനല്‍ കേസില്‍ പ്രതിയായ സംഘ്പരിവാര്‍ നേതാവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ഉപരോധം തുടരുന്നതിനിടെയാണ് ഉത്തരവാദിത്തം ഒഴിഞ്ഞ് സര്‍ക്കാര്‍ പരസ്യ പ്രസ്താവന നടത്തിയത്.
ശബരിമല ദര്‍ശനത്തിനെത്തിയ മനിതി വനിതാ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞു. ഇവരുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കേണ്ട ചുമതല ഹൈക്കോടതി നിരീക്ഷണ സമിതിയുടെ തലയില്‍വച്ചാണ് സര്‍ക്കാര്‍ പിന്മാറിയത്. വനിതാ സന്ദര്‍ശനത്തെക്കുറിച്ച് അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും കൈമലര്‍ത്തി.
സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം സുരക്ഷ ഉറപ്പ് നല്‍കിയ ശേഷമാണ് തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനിതി വനിതാ സംഘം ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്. സംഘത്തെ പൊലീസ് തന്നെ പമ്പയിലെത്തിച്ചു. അവിടെവച്ച് ആര്‍.എസ്.എസുകാര്‍ യുവതികളെ തടഞ്ഞു. ക്രിമിനല്‍ കേസില്‍ പ്രതിയായ സംഘ്പരിവാര്‍ നേതാവിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ഉപരോധം തുടരുന്നതിനിടെയാണ് ഉത്തരവാദിത്തം ഒഴിഞ്ഞ് സര്‍ക്കാര്‍ പരസ്യ പ്രസ്താവന നടത്തിയത്. യുവതികള്‍ എത്തുന്ന കാര്യം അറിയില്ലെന്നും അറിഞ്ഞവര്‍ തന്നെ സൌകര്യമൊരുക്കട്ടെയെന്നും ദേവസ്വം ബോര്‍ഡും കൈമലര്‍ത്തി.
ക്രമസമാധാന പ്രശ്നത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും പ്രശ്നത്തില്‍ ഇടപെടില്ലെന്നും ഹൈക്കോടതി നിരീക്ഷണ സമിതി വിശദീകരിച്ചു. ഇതോടെ വെട്ടിലായ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമായി. അപ്പോഴേക്കും ഉപരോധം ആറ് മണിക്കൂറിലേറെ പിന്നിട്ടിരുന്നു.
കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസിന് സര്‍ക്കാര്‍ സഹായം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. യുവതികള്‍ക്ക് ശബരിമലയില്‍ ദര്‍ശന സൌകര്യമൊരുക്കുന്ന കാര്യത്തില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉരുണ്ടുകളി തുടരുകയാണ്.