മനിതിയുടെ രണ്ടാം സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു
മനിതി അംഗം അമ്മിണി സഞ്ചരിച്ച വാഹനമാണ് പാലായില്‍ തടഞ്ഞത്
ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട മനിതിയുടെ രണ്ടാം സംഘത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു. മനിതി അംഗം അമ്മിണി സഞ്ചരിച്ച വാഹനമാണ് പാലായില്‍ തടഞ്ഞത്. പൊലീസ് അകമ്പടിയില്‍ ഇവര്‍ യാത്ര തുടര്‍ന്നു. വഴിയില്‍ വീണ്ടും പ്രതിഷേധമുണ്ടായതോടെ അമ്മിണിയെ എരുമേലി സ്റ്റേഷനിലെത്തിച്ചു.
അതിനിടെ ആദ്യ സംഘത്തെ ഇരുനൂറോളം വരുന്ന പ്രതിഷേധക്കാര്‍ പമ്പയില്‍ ആക്രമിക്കുമെന്ന ഘട്ടത്തില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. മനിതി സംഘത്തെ പൊലീസ് പമ്പ സ്റ്റേഷനിലേക്ക് മാറ്റി. ഏഴ് മണിക്കൂറോളമാണ് മനിതി സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞത്.
മനിതി സംഘത്തിലെ 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്. പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ അക്രമാസക്തരായതോടെ പൊലീസ് മനിതി സംഘത്തെയും കൊണ്ട് ജീവനുംകൊണ്ട് ഓടുകയായിരുന്നു. ആദ്യ സംഘത്തെ പൊലീസ് ഇപ്പോള്‍ തിരിച്ചയക്കുകയാണ്.