ശ്രീജിത്തിന്റെ കസ്റ്റഡി മരണം: സസ്പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു
സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് എന്നിവരെയാണ് തിരിച്ചെടുത്തത്. ഐ.ജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ സസ്പെന്‍ഷനിലായിരുന്ന ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് അടക്കമുള്ളവരെയാണ് ക്രൈം ബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരിച്ചെടുത്തത്. ഇവര്‍ക്ക് ഉടന്‍ സര്‍വീസിലേക്ക് തിരികെയെത്താനാകും. അതേസമയം പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ശ്രീജിത്തിന്‍റെ മാതാവ് പ്രതികരിച്ചു.
വരാപ്പുഴയിലെ എസ്.ആര്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെക്കുറിച്ച് അന്വഷിക്കുന്ന ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിള്ള അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് സി.ഐയും എസ്.ഐയും ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്റ് ചെയ്തത്. അന്വേഷണം പൂര്‍ത്തിയായെന്നും ഇവരെ തിരിച്ചെടുക്കുന്നത് കേസിന്‍റെ ഗതിയെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത് ഡി.ജി.പിക്ക് നേരത്തെ റിപ്പോര്‍ട്ട് നല്‍കി.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ ദീപക് അടക്കം ഏഴ് പേരെ തിരികെ എടുത്തു കൊണ്ട് ഉത്തരവിറക്കി. തിരിച്ചെടുത്തവരില്‍ നാല് പേര്‍ കേസില്‍ ജയില്‍ വാസം അനുഭവിച്ചവരാണ്. എന്നാല്‍ പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് ഐ.ജിയുടെ റിപ്പോര്‍ട്ടെന്ന് ശ്രീജിത്തിന്‍റെ മാതാവ് പ്രതികരിച്ചു.
വരാപ്പുഴ ദേവസ്വംപാടം വാസുദേവൻ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുക്കുന്നതും ചവിട്ടി കൊലപ്പെടുത്തുന്നതും. കൃത്യം നടന്ന സ്റ്റേഷന്‍ ഉള്‍പ്പെടുന്ന പറവൂര്‍ സി.ഐ ആയിരുന്നു ക്രിസ്പിന്‍ സാം. വരാപ്പുഴ എസ്ഐയാണ് ദീപക്. ഉത്തരവ് നടന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ഉടന്‍ സര്‍വീസിലേക്ക് തിരികെയെത്താനാകും. കേസില്‍ സസ്പെന്‍ഷനിലായിരുന്ന ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ നേരത്തെ തന്നെ തിരിച്ചെടുത്തിരുന്നു.