വനിതാ മതിലിനായുള്ള നിര്‍ബന്ധിത പിരിവ് നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി സി.പി.എം
നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ പ്രതികരണമെടുത്തതെന്നുമാണ് സി.പി.എമ്മിന്റെ വീഡിയോയില്‍ പറയുന്നത്
പാലക്കാട് പുതുശ്ശേരിയില്‍ വനിതാ മതിലിനായി ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയ സംഭവത്തില്‍ വിശദീകരണ വീഡിയോയുമായി സി.പി.എം. നിര്‍ബന്ധിത പിരിവ് നടത്തിയിട്ടില്ലെന്നും പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളുടെ പ്രതികരണമെടുത്തതെന്നുമാണ് സി.പി.എമ്മിന്റെ വീഡിയോയില്‍ പറയുന്നത്. സി.പി.ഐ(എം) പാലക്കാട് ഡിസ്ട്രിക്ട് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
പുതുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവായ ഗ്രാമപഞ്ചായത്ത് അംഗം പോലീസുകാര്‍ എന്ന വ്യാജേന മാധ്യമ പ്രവര്‍ത്തകരെ കൊണ്ടുവരികയായിരുന്നു എന്ന് വൃദ്ധരായ രണ്ട് പെന്‍ഷന്‍ ഉപഭോക്താക്കള്‍ പറയുന്ന വീഡിയോയാണ് സി.പി.എമ്മിന്റെ പേരിലുള്ള പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വനിതാ മതിലിന്റെ പ്രവര്‍ത്തനത്തിനിടെ ക്ഷേമ പെന്‍ഷനില്‍ നിന്ന് പണം പിടിക്കുന്ന വിവരം പുറത്തായത് സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയായിരുന്നു.
ഈ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാണ് സി.പി.എം വീഡിയോ പുറത്തിറക്കിയതെന്നാണ് സൂചന. പക്ഷെ നിരവധി ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ സമീപിച്ചപ്പോഴും ഗുണഭോക്താക്കള്‍ ഒരേ കാര്യം തന്നെ പറഞ്ഞതെങ്ങനെയെന്നതിന് സി.പി.എം വീഡിയോയില്‍ വിശദീകരിക്കുന്നില്ല. മാത്രമല്ല, പാലക്കാട് ജില്ലയിലെ മറ്റ് നിരവധിയിടങ്ങളില്‍ സമാനമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലില്‍ ഈ വിഷയം ഉയര്‍ന്നതിനെത്തുടര്‍ന്ന് സഹകരണ വകുപ്പ് ജോയന്റ് രജിസ്ട്രാര്‍ അന്വേഷണവും ആരംഭിച്ചു. ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനു മുന്‍പു തന്നെ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങിയത് എന്ത് കൊണ്ടെന്നതിനും സി.പി.എമ്മിന്റെ വീഡിയോയില്‍ വിശദീകരണമില്ല.