തണുത്തുറഞ്ഞ് മൂന്നാര്‍ ഹൈറേഞ്ച്, മറയൂരിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്  

ഡിസംബര്‍ അവസാനമായതോടെ ഇടുക്കിയുടെ ഹൈറേഞ്ചിനെ കുളിരണിയിച്ച് മൂടല്‍മഞ്ഞും ശൈത്യവും. പ്രളയശേഷം ഇത് ആദ്യമായാണ് മൂന്നാര്‍, വട്ടവട പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചത്.

Update: 2018-12-28 04:58 GMT

ഡിസംബര്‍ അവസാനമായതോടെ ഇടുക്കിയുടെ ഹൈറേഞ്ചിനെ കുളിരണിയിച്ച് മൂടല്‍മഞ്ഞും ശൈത്യവും. പ്രളയശേഷം ഇത് ആദ്യമായാണ് മൂന്നാര്‍, വട്ടവട പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചത്.

പ്രളയകാലത്തെ നീലക്കുറിഞ്ഞി സീസണ്‍ മൂന്നാറിനും മറയൂരിനുമൊക്കെ നിരാശയാണ് സമ്മാനിച്ചതെങ്കില്‍ ആ നിരാശയെ തുടച്ചുമാറ്റി മൂടല്‍ മഞ്ഞും ശൈത്യവും വിനോദ സഞ്ചാരികളെ ഈ പ്രദേശങ്ങളിലേക്ക് ആകര്‍ഷിക്കുകയാണ്. ക്രിസ്മസിനു ശേഷം പുതുവല്‍സരം ആഘോഷിക്കാനും നൂറുകണക്കിന് ടൂറിസ്റ്റുകളാണ് ഇവിടങ്ങളില്‍ എത്തുന്നത്.

പ്രളയത്തില്‍ തകര്‍ന്നുപോയ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളൊക്കെയും തണുപ്പു കാലമെത്തിയതോടെ സ‍ജീവമായി. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, വട്ടവട തുടങ്ങിയ പ്രദേശങ്ങളും മറയൂരിലെ അഞ്ചാനാട് മേഖലയും ശൈത്യം പിടിമുറുക്കി. മൂന്നാര്‍ മറയൂര്‍ മേഖലകളിലെ പല പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിവരെ താപനില എത്താറുണ്ട്. മഞ്ഞുപെയ്യുന്ന ഇത്തരം പ്രദേശങ്ങളിലൂടെയുള്ള യാത്രകളും വിനോദ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭൂതിയാണ്.

Advertising
Advertising

Full View

മീശപ്പുലിമലയടക്കമുള്ള സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികള്‍ക്കായി യാത്രാ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശീതകാല പഴം, പച്ചക്കറികളുടെ നാടായ വട്ടവട, കൊട്ടാക്കമ്പൂര്‍ പ്രദേശങ്ങളിലെ മഞ്ഞണിഞ്ഞ കാഴ്ച വേറിട്ട അനുഭവം തന്നെ. സമുദ്ര നിരപ്പില്‍ നിന്ന് 5500 അടി ഉയരെയുള്ള കാന്തല്ലൂര്‍ മേഖലയിലും വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. ചന്ദനക്കാടുകളും, വന്യമൃഗങ്ങളും, വനവിഭവങ്ങളും, കരിമ്പിന്‍പാടങ്ങളും, പഴമയുടെ പ്രതീകങ്ങളായ മുനിയറകളുമൊക്കെ മറയൂരിന്‍റെ ശൈത്യകാല കാഴ്ചയെ കൂടുതല്‍ സൌന്ദര്യമുള്ളതാക്കുന്നു. ഫെബ്രുവരി മാസം വരെ ശൈത്യം ഈ പ്രദേശങ്ങളില്‍ തുടരുമെന്നാണ് കണക്കുകൂട്ടല്‍.

Tags:    

Similar News