ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി
കേരളത്തിലെ സാഹചര്യം ഗൗരവത്തിലെടുക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഭീഷണിയുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുള്ള പ്രത്യാഘാതം സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും നേരിടേണ്ടി വരുമെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ബി.ജെ.പി വക്താവിന്റെ മുന്നറിയിപ്പ്. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം തുടര്‍ന്നാല്‍ ഭവിഷ്യത്ത് അനുഭിക്കേണ്ടിവരും. ഭരണഘടന പരിധിക്കുള്ളില്‍ നിന്ന് കൊണ്ടുള്ള ഭവിഷ്യത്തായിരിക്കും. അതെന്താണെന്ന് ബുദ്ധിയുള്ളവര്‍ക്കറിയാം. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞു എന്നാല്‍ ശബരിമല പ്രശ്‌നത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരുമോയെന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലും അതിനു ശേഷവും നടന്ന അക്രമ സംഭവങ്ങളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആണ് ആവശ്യപ്പെട്ടത്. കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കണമെന്നും വിഷയം ഗൗരവത്തിലെടുക്കുന്നുണ്ടെന്നും ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.