എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം: പ്രതികള്‍ക്കെതിരെ പൊലീസ് കടുത്ത നടപടികളിലേക്ക്
കീഴടങ്ങാത്ത സാഹചര്യത്തില്‍ ഇവരെ സസ്പെന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും.
പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തെ എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച സംഭവത്തില്‍ പൊലീസ് കടുത്ത നടപടിയിലേക്ക്. കീഴടങ്ങാത്തവര്‍ക്കെതിരെ അതാത് ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു. ഇവരെ സസ്പെന്‍റ് ചെയ്യണമെന്ന് കാണിച്ചാണ് റിപ്പോര്‍ട്ട് നല്‍കുക. അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജ്ജിത ശ്രമമാണ് എന്‍.ജി.ഒ യൂണിയന്‍ നടത്തുന്നത്.
ജി.എസ്.ടി കരമനയിലെ ഉദ്യോഗസ്ഥനും എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷ് ബാബു, ജി.എസ്.ടിയിലെ തന്നെ ഉദ്യോഗസ്ഥനും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്‍റ് അനില്‍ കുമാര്‍, സെയില്‍ ടാക്സ് വകുപ്പിലെ ഉദ്യോഗസ്ഥനായ അജയകുമാര്‍, ജില്ലാ ട്രഷറി ജീവനക്കാരനായ ശ്രീവത്സന്‍, പബ്ലിക് ഹെല്‍ത്ത് ലാബിലെ ജീവനക്കാരനായ ബിനുരാജ് എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. എന്നാല്‍ ഇവര്‍ കീഴടങ്ങാന്‍ തയ്യാറല്ല. മാത്രമല്ല കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസിന് മുകളിലും എസ്.ബി.ഐ സ്റ്റാഫ് അസോസിയേഷന് മുകളിലും സമ്മര്‍ദ്ദമുണ്ട്. പൊലീസിനെ തന്നെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഡി.സി.പി ചൈത്രയുടെ നിര്‍ദ്ദേശ പ്രകാരം കന്‍റോണ്‍മെന്‍റ് എ.സി.പിയും സി.ഐയും പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഇത് അതാത് വകുപ്പുകളില്‍ കൈമാറി പ്രതികളെ സസ്പെന്‍റ് ചെയ്യിക്കാനാണ് നീക്കം.
അതേസമയം പ്രതികള്‍ക്കെതിരെ പരാതിയുമായി എസ്.ബി.ഐ വനിതാജീവനക്കാരും രംഗത്തെത്തി. അസഭ്യം പറഞ്ഞെന്ന് കാണിച്ച് വനിതാ ജീവനക്കാര്‍ റീജണല്‍ മാനേജര്‍ക്ക് രേഖാമൂലം പരാതി നല്‍കി. ഇത് പൊലീസിന് കൈമാറിയാല്‍ നേതാക്കള്‍ക്ക് കരുക്ക് മുറുകും. അതിന് മുന്‍പ് കേസ് ഒതുക്കാനാണ് എന്‍.ജി.ഒ തീരുമാനം. ഇന്നലെ അറസ്റ്റിലായ ഹരിലാലും അശോകനും റിമാന്‍റില്‍ തുടരുകയാണ്. ഹരിലാലാണ് കേസില്‍ ഒന്നാം പ്രതി.