വഖഫ് ട്രിബ്യൂണല്‍ പുനഃസംഘടിപ്പിക്കും; ട്രിബ്യൂണലില്‍ സമസ്തക്ക് പ്രാതിനിധ്യം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍
മന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച സമസ്തയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സമരം നിര്‍ത്തിവെക്കുന്നതായി സമസ്ത
വഖഫ് ട്രിബ്യൂണല്‍ പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സമസ്ത ഇ.കെ വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പുതിയതായി നിയമിച്ച ഒരാളെ ഒഴിവാക്കുന്നത്. ട്രിബ്യൂണലില്‍ സമസ്തക്ക് പ്രാതിനിധ്യം നല്‍കുമെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. മന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച സമസ്തയെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. സമരം നിര്‍ത്തിവക്കുന്നതായി സമസ്ത അറിയിച്ചു.
മൂന്നംഗ ട്രിബ്യൂണലിലെ രണ്ട് അംഗങ്ങളും എ.പി വിഭാഗത്തോടൊപ്പം നിലകൊള്ളുന്നവരാണെന്നായിരുന്നു സമസ്ത ഇ.കെ വിഭാഗത്തിന്റെ പരാതി. വിഷയം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പോലും പാലിക്കപ്പെടാത്തതിനെ തുടര്‍ന്ന് സമസ്ത സര്‍ക്കാരിന് എതിരെ പ്രക്ഷോഭവും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ.ടി ജലീല്‍ പഴയ നിലപാടില്‍ നിന്ന് പിന്‍മാറി സമസ്ത നേതാക്കളെ ബന്ധപ്പെട്ടത്. രാവിലെ ടെലഫോണില്‍ നടത്തിയ ചര്‍ച്ചയില്‍ സമസ്ത നേതാക്കള്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് വൈകീട്ട് മന്ത്രി നേരിട്ട് നേതാക്കളുമായി ചര്‍ച്ച നടത്തി. ഫെബ്രുവരി 28ന് മുന്പ് പുനഃസംഘടന നടപ്പാക്കും.
താനൂരിലായിരുന്നു മന്ത്രിയും സമസ്ത നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ കോഴിക്കോട് നിശ്ചയിച്ചതോടെയാണ് സമസ്ത സമരം പ്രഖ്യാപിച്ചത്. മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് സമരം തല‍്‍ക്കാലം നിര്‍ത്തി വെക്കുകയാണെന്ന് സമസ്ത നേതാക്കള്‍ അറിയിച്ചു.