എറണാകുളം ഉപതെരഞ്ഞെടുപ്പുകളും സെബാസ്റ്റ്യന്‍ പോളിന്റെ സ്ഥാനാര്‍ത്ഥിത്വവും
ഓരോ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും ആരാകും സ്ഥാനാര്‍ഥി എന്ന ചര്‍ച്ച വരുമ്പോള്‍ തന്നെ ഇടത് പാളയത്തില്‍ നിന്ന് ആദ്യം ഉയരുന്ന പേരായി സെബാസ്റ്റ്യന്‍ പോള്‍ മാറി.
കോണ്‍ഗ്രസിന്റെ സ്വന്തം ലോക്സഭ മണ്ഡലമെന്നാണ് എറണാകുളത്തെ വിശേഷിപ്പിക്കാറുള്ളത്. 1997 ലെ ഉപതെരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മണ്ഡലത്തില്‍ മത്സരരംഗത്തിറങ്ങുമ്പോള്‍ വിജയപ്രതീക്ഷ തീരെയില്ലാത്ത സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് മത്സര രംഗത്തിറക്കിയതെന്ന് പോലും വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോള്‍ അട്ടിമറി വിജയം നേടി. പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് അടക്കം രണ്ട് തവണ കൂടി സെബാസ്റ്റ്യന്‍ പോള്‍ എല്‍.ഡി.എഫിന് വേണ്ടി മണ്ഡലത്തെ പ്രതിനിധീകരിച്ചു. അട്ടിമറി വിജയം നേടാന്‍ കോണ്‍ഗ്രസുകാര്‍ നല്‍കിയ പിന്തുണ ചെറുതല്ലെന്നാണ് സെബാസ്റ്റ്യന്‍ പോള്‍ തന്നെ പറയുന്നത്.
ജനത പാര്‍ട്ടിയിലും ജനതാദളിലുമായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെങ്കിലും 97ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ സ്ഥാനാര്‍ഥിയായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച സേവ്യര്‍ അറക്കല്‍ മരണപ്പെട്ടതോടെയായിരുന്നു ഉപതെരഞ്ഞെടുപ്പ്. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ ദിവസങ്ങള്‍ നീണ്ട സ്ഥാനാര്‍ഥി ചര്‍ച്ച. പല പേരുകളും ഉയര്‍ന്നുവന്നു. പക്ഷേ ചര്‍ച്ചകളിലൊന്നും സജീവമായി കേള്‍ക്കാതിരുന്ന സെബാസ്റ്റ്യന്‍പോളിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
കൊച്ചി നഗരസഭയില്‍ എല്‍.ഡി.എഫിന് വേണ്ടി രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയതായി പലരും അഭിപ്രായപ്പെട്ടു. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി വര്‍ക്കിയായിരുന്നു സെബാസ്റ്റ്യന്‍ പോളിനെ കണ്ടെത്തിയത്. കഷ്ടപ്പെട്ട് പിടിച്ചെടുത്ത മണ്ഡലം എല്‍.ഡി.എഫ് കളഞ്ഞുകുളിച്ചുവെന്ന് പറഞ്ഞു നടന്നവരെ ഞെട്ടിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. സെബാസ്റ്റ്യന്‍ പോള്‍ 8693 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ചോര്‍ത്താന്‍ കഴിവുള്ള ആള്‍ എന്ന നിലയിലായിരുന്നു എ. പി വര്‍ക്കി സെബാസ്റ്റ്യന്‍ പോളിനെ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചത്.
പിന്നീട് ജോര്‍ജ് ഈഡനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ച് പിടിച്ചുവെങ്കിലും ജോര്‍ജ് ഈഡന്റെ മരണത്തോടെ 2003 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും സെബാസ്റ്റ്യന്‍ പോള്‍ എല്‍.ഡി.എഫിന് വേണ്ടി മണ്ഡലം പിടിച്ചു. 2004 പൊതുതെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിച്ച് സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തി. പിന്നീട് കെ.വി തോമസിലൂടെ മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിച്ചുവെങ്കിലും ഓരോ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തും ആരാകും സ്ഥാനാര്‍ഥി എന്ന ചര്‍ച്ച വരുമ്പോള്‍ തന്നെ ഇടത് പാളയത്തില്‍ നിന്ന് ആദ്യം ഉയരുന്ന പേരായി സെബാസ്റ്റ്യന്‍ പോള്‍ മാറി.