രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം നാളെയെന്ന് നേതാക്കള്‍
കേരളവും കര്‍ണാടകയും പരിഗണനയില്‍ ഉണ്ടെന്നും വയനാട് നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നുമാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നതില്‍ തീരുമാനം നാളെ ഉണ്ടായേക്കും. കേരളവും കര്‍ണാടകയും പരിഗണനയില്‍ ഉണ്ടെന്നും വയനാട് നിന്ന് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ലെന്നുമാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം. നാളെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന ശേഷമായിരിക്കും തീരുമാനം ഉണ്ടാവുക.
രാഹുല്‍ ഗാന്ധിയുടെ കര്‍മ്മ മണ്ഡലമായ അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കുന്ന കാര്യം സജീവ പരിഗണയില്‍ ഉണ്ടെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നല്‍കുന്ന വിവരം. കേരളത്തിലെ വയനാടിന് പുറമെ കർണാടകയിൽ നിന്നുള്ള ഒരു മണ്ഡലവും പരിഗണനയില്‍ ഉണ്ട്. ഏത് തെരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പം ആണ് നിലനില്‍ക്കുന്നത്. തീരുമാനം നീളാന്‍ സാധ്യതയില്ല. നാളെ ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം തീരുമാനം പ്രതീക്ഷിക്കാം.
കേരളത്തിൽ നിന്നോ കർണാടകയില്‍ നിന്നോ മത്സരിക്കുന്ന കാര്യം ചർച്ചയിൽ ഉണ്ടെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാല സ്ഥിരീകരിച്ചു. രാഹുല്‍ വയനാട് മത്സരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇപ്പോഴും സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രി മത്സരിക്കുമെന്ന് കരുതിയിരുന്ന ബാംഗ്ലൂർ സൗത്ത് മണ്ഡലത്തിൽ ബി.ജെ.പി തേജസ്വി സൂര്യയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ രാഹുലിന്റെ സ്ഥാനാർഥിത്വത്തില്‍ തീരുമാനമെടുക്കാന്‍ തടസ്സങ്ങളൊന്നുമില്ല.