വയനാട് മത്സരിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തം
ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എന്‍.സി.പിയും ലോക് താന്ത്രിക്ക് ജനതാദള്ളും ഹൈക്കമാൻഡിനെ അറിയിച്ചു.
വയനാട് മത്സരിക്കാതിരിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തം. ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് എന്‍.സി.പിയും ലോക് താന്ത്രിക്ക് ജനതാദള്ളും ഹൈക്കമാൻഡിനെ അറിയിച്ചു. മണ്ഡലം കേരളത്തില്‍ നിന്നാണോ കര്‍ണാടകത്തില്‍ നിന്നാണോ തെരഞ്ഞെടുക്കേണ്ടത് എന്ന കടുത്ത ആശയക്കുഴപ്പത്തിലാണ് രാഹുല്‍ ഗാന്ധി. ഇന്ന് വൈകിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ചേരുന്നുണ്ട്.
രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷയിലാണ് കേരള നേതാക്കള്‍. ആ പ്രതീക്ഷൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് യു.പി.എ ഘടകകക്ഷികളിൽ നിന്ന് ഉയരുന്ന സമ്മർദ്ദം. വയനാട്ടില്‍ ഇടത്പക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധ സഖ്യം എന്ന നിലപാടിന് വിരുദ്ധമാണെന്നാണ് ഘടക കക്ഷി നേതാക്കളില്‍ ചിലരുടെ അഭിപ്രായം. എൻ.സി.പി നേതാവ് ശരദ് പവാറും ലോക്താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവും നിലപാട് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു.
സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം ഇവരുടെ സമ്മര്‍ദ്ദത്തിന് പിന്നിലുണ്ട്. രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ കർണ്ണാടകയിൽ മത്സരിക്കുന്നതാണ് രാഷ്ട്രീയ ശരി എന്നും ഘടകകകഷികള്‍ കൂട്ടിച്ചേര്‍ക്കുന്നു. വയനാട് സുരക്ഷിത മണ്ഡലമാണ് എങ്കിലും ഇത്തരത്തില്‍ ഉയരുന്ന എതിര്‍പ്പുകളാണ് രാഹുലിനെ ആശയക്കുഴപ്പത്തിലാക്കുന്നത്.
സമ്മര്‍ദ്ദത്താല്‍ വയനാട്ടില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കര്‍ണാടകയിലാകും രണ്ടാം മണ്ഡലം. രായ്ച്ചൂർ, ചിക്കോടി മണ്ഡലങ്ങളിലേക്ക് മുതിര്‍ന്ന നേതാവ് മല്ലികാർജ്ജുൻ ഖാർഗെ രാഹുലിനെ ക്ഷണിച്ചിട്ടുണ്ട്. രാഹുല്‍ വന്നാല്‍ പിന്‍മാറാന്‍ തയ്യാറെന്ന് ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികള്‍ വ്യക്തമാക്കി. രാഹുൽ നിലപാട് വ്യക്തമാക്കിയാല്‍ പ്രഖ്യാപനം ഉടനുണ്ടാകും.