രാഹുല്‍ വയനാടും പ്രിയങ്ക വരാണസിയിലും മത്സരിച്ചേക്കും?
പ്രിയങ്കയുടെ വരവിന് ബി.ജെ.പി ആരോപണങ്ങളെ മറികടക്കാനും മോദിയെ സമ്മര്‍ദ്ദത്തിലാക്കാനും കഴിയുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധിയെ വരണാസിയില്‍ മത്സരിപ്പിക്കാന്‍ ആലോചന. മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. രണ്ടാം മണ്ഡലത്തില്‍ മത്സരിക്കുന്നെങ്കില്‍ വയനാട് രാഹുല് ഗാന്ധിക്ക് നല്ലതെന്ന അഭിപ്രായവും ഹൈക്കമാന്റിനുണ്ട്. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
രണ്ടാം സീറ്റ് സംമ്പന്ധിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തോടെ അപ്രതീക്ഷിത ചർച്ചകളാണ് പുരോഗമിക്കുന്നത്. രാഹുലിനായി വയനാട് സജീവമായി പരിഗണിക്കുന്നു. വരാണസിയിൽ മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെയും. വയനാട് മത്സരിക്കുമ്പോൾ ഉയരാവുന്ന അമേഠിയിലെ പരാജയ ഭയം, സുരക്ഷിത മണ്ഡലം തേടി പോയി തുടങ്ങിയ ആരോപണങ്ങളെ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തിലൂടെ മറി കടക്കാമെന്നാണ് വിലയിരുത്തൽ. വരണാസിയിൽ പ്രിയങ്ക വരുന്നത് ബി.ജെ.പിക്ക് കടുത്ത സമ്മർദ്ദം ഉണ്ടാക്കും,
മോദി വരാണസിയിലെ പ്രചരണത്തിലേക്ക് കേന്ദ്രീകരിക്കും തുടങ്ങിയ കണക്കുകൂട്ടലും ഉണ്ട്. രാഹുലിന്റെ കർണാടകയിലെ വിജയസാധ്യതയിലെ ആശങ്ക കൂടിയാണ് നിലവിലെ ചർച്ചയ്ക്ക് കാരണം. 10 തവണ വിജയിച്ചിട്ടുണ്ടെങ്കിലും ബിദറിൽ കഴിഞ്ഞ തവണ ബി.ജെ.പി ജയിച്ചത് ഒരു ലക്ഷത്തോളം ഭൂരിപക്ഷത്തിലാണ്. ചിക്കോടി സിറ്റിംഗ് സീറ്റ് ആണെങ്കിലും മൂവ്വായിരമായിരുന്നു ഭൂരിപക്ഷം. എൻ.സി.പിയും ജെ.ഡി.എസും പിന്തുണച്ചാൽ വിജയിക്കാനാകും. ഈ വിലയിരുത്തലുകളാണ് വയനാടിനെ സജീവ ചർച്ചകളിലേക്ക് കൊണ്ടുവരുന്നത്. പാർട്ടി ആവശ്യപ്പെട്ടാൽ മതസരിക്കാൻ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു.