രാഹുല്‍ കേരളത്തില്‍ മത്സരിച്ചാല്‍ അതെങ്ങിനെ ബി.ജെ.പിക്കെതിരാകുമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതിനെതിരെ മത്സരിക്കാനാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നത്...

Update: 2019-03-31 08:46 GMT

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ ദേശീയ തലത്തിലെ കോണ്‍ഗ്രസ് നയത്തെ ചോദ്യം ചെയ്ത് ഇടത് നേതാക്കള്‍. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് പക്ഷത്തിനെതിരാണെന്നും, ബി.ജെ.പിക്കെതിരായ പോരാട്ടമാണ് നടത്തുന്നതെങ്കില്‍ ബി.ജെ.പിക്കെതിരെയായിരുന്നു മത്സരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരെ പരാജയപ്പെടുത്താനാണ് കോൺഗ്രസ് മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ തന്നെ പറയട്ടേയെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ഒഴിവാക്കാന്‍ ദേശീയ തലത്തില്‍ ഇടതുമായി ചേര്‍ന്ന് നില്‍ക്കുന്ന പാര്‍ട്ടികള്‍ വഴി സി.പി.എം നേരത്തെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇത് ഫലിക്കാതെ വന്നതോടെ രാഷ്ട്രീയമായി തന്നെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഇടത് മുന്നണി അതിനെ നേരിടുന്നത്. കേരളത്തില്‍ മത്സരിച്ചാല്‍ ബി.ജെ.പിക്കെതിരായ പോരാട്ടമാകുന്നതെങ്ങനെയെന്ന ചോദ്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്നത്.

Advertising
Advertising

Full View

രാഹുല്‍ വരുന്നതോടെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കുമെന്ന ആശങ്കയും മുഖ്യമന്ത്രി തള്ളിക്കളയുന്നു. ബി.ജെ.പിയെ താഴെയിറക്കാനാണ് ഇടത് മുന്നണി മുന്‍ഗണന നല്‍കുന്നതെന്നും കോണ്‍ഗ്രസ് എന്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാഹുല്‍ ഗാന്ധി വരുമെന്ന് ഉറപ്പായതോടെ പ്രചാരണ വിഷയങ്ങളില്‍ മാറ്റം വരുന്നതിനെ കുറിച്ചുള്ള ആലോചനകളും ഇടത് കേന്ദ്രങ്ങളില്‍ സജീവമാണ്.

Tags:    

Similar News