രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും
രണ്ടാഴ്ചത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുക. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി. എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രഖ്യാപനം നടത്തിയത്. മോദി സര്‍ക്കാറിന്റെ വര്‍ഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടമാണിതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
ഏഴ് ദിസവം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, സംഘടനകാര്യ ചുമതലയുള്ള കെ.സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്, മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍ എന്നിവര്‍ ഒരുമിച്ചെത്തിയാണ് പ്രഖ്യാപനം നടത്തിയത്.
സംസ്‌കാരവും ഭാഷയും ഭീഷണിയിലാണെന്ന് ഭയക്കുന്ന ദക്ഷിണേന്ത്യന്‍ ജനതയുടെ ക്ഷണമാണ് രാഹുല്‍ സ്വീകരിച്ചതെന്നും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന പ്രധാനമന്ത്രിക്കെതിരായ പോരാട്ടമാണിതെന്നും നേതാക്കള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം, പ്രചാരണത്തിന് കുറഞ്ഞ സമയം ചിലവഴിച്ചാല്‍ മതി, ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സംഗമസ്ഥാനം തുടങ്ങിയ ഘടകങ്ങളും വയനാടിന് തുണയായി.