രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ഇടത് നേതാക്കള്‍
ഇടത് മുന്നണിക്ക് കിട്ടുമെന്ന് കരുതിയിരിക്കുന്ന ന്യൂനപക്ഷവോട്ടുകള്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം വഴി കോണ്‍ഗ്രസിലേക്ക് പോകാതിരിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഇടത് മുന്നണി ആലോചിക്കുന്നത്.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിനേയും രാഹുലിനെയും കടന്നാക്രമിച്ച് ഇടത് മുന്നണി. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റേത് മൃദു ഹിന്ദുത്വ നിലപാടാണെന്നായിരിന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രതികരണം. എന്നാല്‍ സി.പി.എം ആരോപണത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നു.
ബി.ജെ.പിക്കും മോദിക്കുമെതിരായ പ്രചാരണരീതിയായിരുന്നു ഇടത് മുന്നണി ഇതുവരെ സ്വീകരിച്ച് വന്നിരുന്നത്. രാഹൂല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വന്നതോടെ പ്രചാരണ രീതിയില്‍ കാര്യമായ മാറ്റം വരുത്താനാണ് ഇടത് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നയങ്ങളെ ചോദ്യം ചെയ്തുള്ള പ്രചാരണ രീതിയിലേക്കാണ് ഇടത് നേതാക്കള്‍ കടന്നിരിക്കുന്നത്. രണ്ട് കാര്യങ്ങളില്‍ ഊന്നിയായിരിക്കും ഇടത് പ്രചാരണം. ഒന്ന് ബി.ജെ.പി പരാജയപ്പെടുത്തുമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് ബി.ജെ.പിക്ക് ശക്തിയില്ലാത്ത കേരളത്തില്‍ വന്ന് എന്തിന് ഇടതുപക്ഷത്തിനെതിരെ മത്സരിക്കണം, രണ്ടാമതായി അമേഠിയിലും വയനാടും രാഹുല്‍ ജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തും.
അമേഠിയാണ് കര്‍മ്മ ഭൂമിയെന്ന് രാഹുല്‍ നേരത്തെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഒരു ഉപതെരഞ്ഞെടുപ്പിന് വേണ്ടി കോണ്‍ഗ്രസിനെ ജയിപ്പിക്കണമോ എന്നതില്‍ ഊന്നിയുള്ള പ്രചാരണമായിരിക്കും ഇടത് മുന്നണി നടത്തുന്നത്. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് രഹുല്‍ കേരളത്തിലേക്ക് വരുന്നതെന്ന ചോദ്യമാണ് മുഖ്യമന്ത്രി ഇന്ന് ഉന്നയിച്ചത്. ബി.ജെ.പിക്കെതിരായ മതനിരപേക്ഷതയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയും കുറ്റപ്പെടുത്തി. എന്നാല്‍ സി.പി.എം ആരോപണങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയാണ് കോണ്‍ഗ്രസ് പ്രതിരോധം.
ഇടത് മുന്നണിക്ക് കിട്ടുമെന്ന് കരുതിയിരിക്കുന്ന ന്യൂനപക്ഷവോട്ടുകള്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം വഴി കോണ്‍ഗ്രസിലേക്ക് പോകാതിരിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ഇടത് മുന്നണി ആലോചിക്കുന്നത്.